
പള്ളിക്കൽ: കായിക രംഗത്ത് മികച്ച നേട്ടങ്ങൾ അവകാശപ്പെടാവുന്ന മടവൂരിലെ കായിക താരങ്ങൾക്ക് സ്വന്തമായൊരു സ്റ്റേഡിയം വേണമെന്ന സ്വപ്നം ഇനിയും അകലെ. ചെറുതും വലുതുമായ ഇരുപത്തിയഞ്ചിലധികം കായിക ക്ലബുകൾ പ്രവർത്തിക്കുന്ന ഇവിടെ പഞ്ചായത്തിന്റെ അനാസ്ഥയും മെല്ലെപ്പോക്കും കാരണം സ്വന്തമായി സ്റ്റേഡിയമെന്ന സ്വപ്നം ഇനിയും പൂവണിഞ്ഞിട്ടില്ല. പലപ്പോഴും കായിക മത്സരങ്ങൾ നടത്തുന്നതിനായി തൊട്ടടുത്ത പഞ്ചായത്ത്, സ്കൂൾ പറമ്പുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സ്ഥലപരിമിതിയിൽ വൻ പദ്ധതികൾ നടപ്പാക്കാൻ ഇടമില്ലെങ്കിലും ഉള്ള സ്ഥലം പോലും ഉപയോഗപ്പെടുത്താൻ മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ തയ്യാറായിട്ടില്ലെന്ന് കായികപ്രേമികൾ പറയുന്നു.
മടവൂർ മാർക്കറ്റ് ജംഗ്ഷനിൽ അപകടാവസ്ഥയിലുള്ള പഴയ കമ്മ്യൂണിറ്റി ഹാൾ കെട്ടിടം പൊളിച്ചുമാറ്റി അവിടെ ഷോപ്പിംഗ് കോംപ്ലക്സോടു കൂടിയ ഒരു ഇൻഡോർ വോളിബാൾ കോർട്ട് നിർമ്മിക്കാമെന്നിരിക്കെ സാങ്കേതികത്വം പറഞ്ഞ് ആ ഒരാശയവും നടപ്പാക്കിയില്ല. മടവൂരിലെ പൊതുചന്ത ചവറിടമായി മാറ്റിയതിലൂടെ ചന്തയുടെ പ്രവർത്തനവും നിലച്ചെന്ന് പറയാം. ഇവിടെ ഒരു ഭാഗത്ത് ജിംനേഷ്യം അനുവദിക്കാനുള്ള പ്രാരംഭ നടപടികൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ആരംഭിച്ചെങ്കിലും എന്തുകൊണ്ടോ അതും തുടക്കത്തിലേ നിലച്ചു. പഞ്ചായത്ത് അധീനതയിലുള്ള മാമന്നൂർ കുളം ആധുനിക രീതിയിൽ നീന്തൽ പരിശീലന കേന്ദ്രമായി മാറ്റാമെങ്കിലും അധികൃതർ അതിലും മൗനം പാലിക്കുകയാണ്.
പ്രഖ്യാപനം വാക്കുകളിൽ
സീമന്തപുരം ചന്തയോട് ചേർന്നുള്ള പഞ്ചായത്ത് ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടെ കളിസ്ഥലം ഒരുക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമായിട്ടില്ല. കുറച്ച് ലൈറ്റുകൾ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചു എന്നതൊഴിച്ചാൽ മറ്റൊരു വികസനവും ഈ കളിസ്ഥലത്ത് നടന്നില്ല.
ആവശ്യങ്ങൾ
അപകട നിലയിലുള്ള കമ്മ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കണം
പൊതു ചന്തയിൽ മുടങ്ങിപ്പോയ ജിംനേഷ്യം പദ്ധതി നടപ്പാക്കണം
മാമന്നൂർ കുളത്തിൽ ആധുനിക രീതിയിൽ നീന്തൽ പരിശീലന കേന്ദ്രം സ്ഥാപിക്കണം