വർക്കല: ഇടവ വെറ്റക്കട കടലിൽ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ഫിഷിംഗ് ബോട്ട് ഫൈബർ വള്ളത്തിലിടിച്ചതിനെ ചൊല്ലി മത്സ്യതൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇടവ സ്വദേശികളായ ഇസ്ഹാഖ്, അസറുദ്ദീൻ എന്നിവർക്കാണ് കല്ലേറിൽ പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. നിരോധിത ഡബിൾ നെറ്റുമായി തീരത്തു നിന്ന് 400 മീറ്റർ ദൂരത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന കൊല്ലം നീണ്ടകര നിന്നുമെത്തിയ ബോട്ടുകൾ വെറ്റക്കട സ്വദേശികളുടെ ഫൈബർ വളളത്തിൽ ഇടിച്ച് വളളം മറിഞ്ഞു. വളളത്തിൽ ഉണ്ടായിരുന്ന 3 പേർ നീന്തി രക്ഷപ്പെട്ടു. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് തീരത്തെത്തിയ മത്സ്യതൊഴിലാളികൾ തമ്മിൽ തർക്കവും വാക്കേറ്റവും നടന്നു. ഇതിനിടയിൽ നടന്ന കല്ലേറിൽ പരിക്കേറ്റ ഇസ്ഹാഖിനെയും അസറുദ്ദീനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അയിരൂർ, വർക്കല പൊലീസ് സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത് , അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും സംഭവസ്ഥലത്തെത്തി. വർക്കല എ.എസ്.പി ദീപക് ധൻകറിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളുമായി നടന്ന ചർച്ചയെതുടർന്ന് ഇന്നലെ അതിരാവിലെ 4.30 ഓടെയാണ് മത്സ്യതൊഴിലാളികൾ പിരിഞ്ഞുപോയത് . ഫിഷിംഗ് ബോട്ടുകൾ ദൂരപരിധി ലംഘിച്ച് തീരക്കടലിലെത്തി മീൻ പിടിക്കുന്നതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധമുൾപ്പെടെ നിരവധി സമരങ്ങൾ നടത്തിയിട്ടും യാതൊരു പരിഹാരവുമുണ്ടാകുന്നില്ലെന്ന് മത്സ്യ തൊഴിലാളികൾ ആരോപിച്ചു.