30

ഉദിയൻകുളങ്ങര: ശക്തമായ മഴയെത്തുടർന്ന് റെയിൽവേട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ധനുവച്ചപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് വൈകിട്ട് 3.30 ഓടെയാണ് സംഭവം.

ട്രാക്ക് ഇരട്ടിക്കൽ പണികൾ നടക്കവെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷന്റെയും ധനുവച്ചപുരം -ഉദിയൻകുളങ്ങര റെയിൽവേ പാലത്തിനും ഇടയ്ക്കാണ് മണ്ണിടിഞ്ഞത്. 4ന് എത്തേണ്ട കന്യാകുമാരി -പുനലൂർ എക്സ്‌പ്രസ് പാറശാലയിൽ മണിക്കൂറുകളോളം പിടിച്ചിട്ടു. ട്രെയിൻ കടന്നു പോകുന്നതിന് അരമണിക്കൂറിന് മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. മണ്ണിടിച്ചിലിനെ തുടർന്ന് കന്യാകുമാരിയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന മെമോ ട്രെയിൻ കുഴിത്തുറയിലും 5 മണിക്ക് തിരുവനന്തപുരത്തു നിന്നുള്ള കൊല്ലം - നാഗർകോവിൽ ട്രെയിൻ നേമത്തും 6ന് തിരുവനന്തപുരത്തു നിന്നുള്ള കൊച്ചുവേളി -നാഗർകോവിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിലും പിടിച്ചിട്ടു. 6.15 ഓടെ ട്രാക്കിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.