തിരുവനന്തപുരം: യു.ഡി.എഫ് ഭരണസമിതി ചുമതലയേറ്റതിന് ശേഷമുള്ള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആദ്യ പൊതുയോഗം ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിൽ അലങ്കോലമായി. സഹകരണ രജിസ്ട്രാർ ഉൾപ്പെടെ പങ്കെടുത്ത യോഗം നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.

ഇന്നലെ രാവിലെ ചേർന്ന പൊതുയോഗത്തിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഇടതുപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയത്. തുടർന്ന് വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പ എഴുത്തിത്തള്ളാനുള്ള തീരുമാനം അടക്കം അജണ്ടയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ പരിഗണിക്കാനായില്ല. 1,05,66,128 രൂപയുടെ വായ്പ എഴുത്തിത്തള്ളാനുള്ള നടപടികൾ ഇതോടെ സ്തംഭിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് സി.കെ. ഷാജിമോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാർഷിക ഗ്രാമവികസന ബാങ്ക് കീഴിലെ 77കർഷകസംഘങ്ങളിൽ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പമാണ്. ഡയറക്ടർ ബോർഡിലെ ജില്ലാ പ്രതിനിധികളിൽ നാലുപേർ മാത്രമാണ് ഇടതുമുന്നണിയിൽ നിന്നുള്ളത്. ബാങ്ക് പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് പൊതുയോഗം കലക്കിയതിന് പിന്നിലെന്ന് ഭരണസമിതി ആരോപിച്ചു.