വെഞ്ഞാറമൂട്∙ അറവു മാലിന്യം പ്രധാന റോഡ് സൈഡിൽ ഉപേക്ഷിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.പൊലീസ് എത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് അധികൃതർ കടയുടെ പ്രവർത്തനം നിർത്തിവയ്പിച്ചു.ഇന്നലെ രാവിലെ 6ന് വെഞ്ഞാറമൂട് പാറയ്ക്കൽ റോഡിൽ മൂളയം പാലത്തിനു സമീപത്ത് മാലിന്യം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാർ തട‍ഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് പൊലീസ് വാഹനവും ആളിനെയും കസ്റ്റഡിയിൽ എടുത്തു.മാലിന്യം കൊണ്ടു വന്നയാൾക്ക് എതിരെ കേസെടുത്തുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ വയ്യേറ്റ് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് മാലിന്യം കൊണ്ടു വന്നതെന്ന് മനസ്സിലായതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർക്ക് വിവരം നൽകി. പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം ആണെന്നും ഖര–ദ്രവ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം ഒരുക്കിയിട്ടില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് കടയുടെ പ്രവർത്തനം തടഞ്ഞുകൊണ്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി.