നെടുമങ്ങാട്: കുശർക്കോട് ഉമാഭവനിൽ എം.ഉമാദേവി (39)യുടെ കൈ വെട്ടി പരിക്കേല്‌പിച്ച കേസിൽ ഭർത്താവ് കെ.ജയകുമാറിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഉമാദേവിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കൈക്കുഴയിലാണ് വെട്ടേറ്റത്. ഞരമ്പുകൾ അറ്റുപോയിട്ടുണ്ട്. കൈയുടെ ചലനശേഷി നഷ്ടമായ നിലയിലാണ് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലഹരിക്ക് അടിമയായ ജയകുമാർ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാണെന്നും ലോക്ഡൗൺ സമയത്തും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നുവെന്നും സഹോദരി ഉഷാകുമാരി പൊലീസിൽ മൊഴി നൽകി. ഉമാദേവിയെ കൂടെ പാർപ്പിച്ചതിന്റെ വൈരാഗ്യത്തിൽ തോട്ടുമുക്കിലെ തന്റെ വീട്ടിലും പ്രതി അക്രമം നടത്തി. രണ്ടു സ്കൂട്ടറുകൾ കത്തിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.