
തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് എ.കെ. ശശീന്ദ്രനെ മാറ്റുന്നതിൽ രാഷ്ട്രീയപരമായ ആശങ്കകൾ ഉയർത്തി അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി തുടരുന്ന എൻ.സി.പിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ശരദ് പവാർ നീക്കമിടുന്നതായും അതിന്റെ ഭാഗമായാണ് ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.
ശശീന്ദ്രനു പകരം തോമസ് കെ. തോമസിനെ മന്ത്രിസഭയിൽ പ്രതിഷ്ഠിച്ചാൽ മന്ത്രിയെ ഒപ്പംകൂട്ടിയുള്ള മുന്നണിമാറ്രം സാദ്ധ്യമാകുമെന്ന് എൻ.സി.പി നേതൃത്വം കണക്കുകൂട്ടുന്നതായാണ് ശശീന്ദ്രൻ പക്ഷത്തിന്റെ വിലയിരുത്തൽ. ഇത് മുഖ്യമന്ത്രിയെ അറിയിക്കാനും നീക്കമുണ്ട്.
മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രിയും എൽ.ഡി.എഫും വിമുഖത പ്രകടിപ്പിച്ചാൽ അക്കാര്യമുയർത്തി മുന്നണി വിടാനുള്ള നീക്കങ്ങളും സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നെന്നാണ് ശശീന്ദ്രൻ പക്ഷം കരുതുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിലടക്കം പി.സി. ചാക്കോ മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത് ഇതിന്റെ ഭാഗമാണെന്നും തോമസ് കെ.തോമസുമായി വർഷങ്ങളായി നിലനിന്ന ഭിന്നതകൾ പെട്ടെന്ന് പരിഹരിച്ചത് ഇതുകൊണ്ടാണെന്നും ശശീന്ദ്രൻപക്ഷ നേതാക്കൾ വ്യക്തമാക്കുന്നു. മന്ത്രിമാറ്റ ചർച്ച ചൂടുപിടിച്ച ഒരുഘട്ടത്തിൽ തന്നെ മാറ്റിയാൽ എം.എൽ.എ സ്ഥാനവും രാജിവെയ്ക്കുമെന്ന് ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. പിന്നീട് അതിൽ നിന്ന് പിന്നോട്ട് പോയെങ്കിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പദവി നൽകണമെന്ന നിലപാടിലാണ് അദ്ദേഹമുള്ളത്. ചാക്കോ വഴങ്ങില്ലെന്നതിനാൽ അതു നടക്കാനുള്ള സാദ്ധ്യത വിരളമാണ്.