തിരുവനന്തപുരം: കോട്ടയ്ക്കകത്തെ നവരാത്രി പൂജയ്ക്കായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് ഒക്ടോബർ 1ന് ആരംഭിക്കും. ഘോഷയാത്രയ്ക്ക് ശുചീന്ദ്രത്ത് നിന്നുള്ള മുന്നൂറ്റിനങ്ക വിഗ്രഹത്തെ നാളെ രാവിലെ 6.15നും 7.15നുമിടയ്ക്ക് പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. 3ന് വൈകിട്ട് ഘോഷയാത്ര തലസ്ഥാനത്തെത്തും. പദ്മതീർത്ഥക്കരയിലെ നവരാത്രി മണ്ഡപത്തിൽ 4ന് രാവിലെ സരസ്വതിദേവിയെ പൂജയ്ക്കിരുത്തും. പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്കമാളികയിൽ ഉടവാൾ കൈമാറ്റം ഒക്ടോബർ 1ന് രാവിലെ 7.30നും 8നും മദ്ധ്യേ നടക്കും. മന്ത്രിമാരായ വി.എൻ.വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക ദേവവിഗ്രഹങ്ങളുമായി തിരുവനന്തപുരത്തേക്ക് ഘോഷയാത്ര ആരംഭിക്കും. വിഗ്രഹഘോഷയാത്രയിലെ വിഗ്രഹങ്ങളെ അന്ന് രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിലും 2ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമിറക്കി പൂജിക്കും. കളിയിക്കാവിളയിലും നേമത്തും വരവേൽപ്പ് നൽകും.

സരസ്വതിദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലുമാണ് കുടിയിരുത്തി പൂജിക്കുന്നത്. വിജയദശമിയിൽ പൂജയെടുപ്പിനുശേഷം 14ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 15ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. 17ന് വിഗ്രഹങ്ങൾ പദ്മനാഭപുരത്ത് മടങ്ങിയെത്തും.