വിഴിഞ്ഞം: വൃദ്ധരുടെ ക്ഷേമത്തിനായി സഹയാത്ര പദ്ധതിയുമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്. വയോജന സൗഹൃദ പദ്ധതിയുടെ ഉദ്ഘാടനം ലോക വൃദ്ധദിനമായ ഒക്ടോബർ 1ന് രാവിലെ 10ന് മുട്ടയ്ക്കാട് ശ്രീ ശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. വയോജന സംഗമം, വയോജന കലോത്സവം, സംഗീതവിരുന്ന്, ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ പ്രകാശനം തുടങ്ങിയവ ഉണ്ടാകും.
സഹയാത്ര പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലും വൃദ്ധജനങ്ങളുടെ കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ 7000ത്തോളം വൃദ്ധർക്ക് പ്രയോജനം ലഭിക്കും. 59വയസ് കഴിഞ്ഞ മുഴുവൻ വൃദ്ധർക്കുമായാണ് പദ്ധതി തയ്യാറാക്കുന്നത്. ഇവരെ മൂന്നായി തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രവർത്തനങ്ങൾ ആരംഭിച്ചു
വൃദ്ധജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഇടപെടലുകളുടെ ഭാഗമായി വാതിൽക്കൽ സേവനം എത്തിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി യോഗ ക്ലാസുകൾ, ക്ലിനിക്കൽ പരിശോധനകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, പച്ചക്കറികൃഷി വ്യാപന പരിപാടികൾ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്.
മീഡിയ വോയിസ് ടുഡേ അവതരിപ്പിക്കുന്ന യാത്ര എവിടേക്ക് എന്ന ഡോക്യുഫിക്ഷന്റെ പോസ്റ്റർ പ്രകാശനവും നടക്കും.
ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും
എല്ലാ വാർഡുകളിലും 25 പേർ വീതമുള്ള വയോജന കൂട്ടായ്മകൾ രൂപീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഈ കൂട്ടായ്മകളിലെ അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനങ്ങൾ എത്തിച്ചുകൊടുക്കും. വെങ്ങാനൂർ പഞ്ചായത്ത് പരിധിയിലെ സർക്കാർ അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.