തിരുവനന്തപുരം: 'ആഗ്നേയം നിമിഷം... കർമ്മം അനുപമേയം......" തനത് നാടകകലയുടെ ആചാര്യനായിരുന്ന കാവാലം നാരായണപ്പണിക്കർ ഒൻപത് വർഷം മുൻപെഴുതിയ വരികൾക്കൊപ്പം നർത്തകിയും നടിയുമായ മേതിൽ ദേവിക ചുവട് വച്ചപ്പോൾ സദസ് നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. കാവാലം സംസ്കൃതിയുടെ മൂന്നാമത് 'അവനവൻ കടമ്പ" പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഗുരുദക്ഷിണയായി മേതിൽ ദേവിക മോഹിനിയാട്ടം അവതരിപ്പിച്ചത്.

സർവവും ത്യജിച്ച് സിദ്ധാർത്ഥൻ കപിലവസ്തുവിലെ കൊട്ടാരം വിട്ടിറങ്ങുന്ന നിമിഷത്തെക്കുറിച്ച് മോഹിനിയാട്ടം അവതരിപ്പിക്കാൻ വരികളെഴുതി നൽകണമെന്ന് ഒൻപത് വർഷം മുൻപാണ് കാവാലത്തോട് ദേവിക അഭ്യർത്ഥിച്ചത്. ദേവികയുടെ ആശയത്തിനനുസരിച്ച് അഞ്ചു മിനിട്ടിനകം സിദ്ധാർത്ഥന്റെ ജീവിതം വരികളായി എഴുതി നൽകി. സംഗീതജ്ഞൻ ബി. ശശികുമാറിനെ കൊണ്ട് കാവാലം തന്നെ വരികൾക്ക് ഈണം നൽകിയെങ്കിലും പിന്നീട് തിരക്കുകൾക്കിടയിൽ നൃത്തത്തെക്കുറിച്ച് ദേവിക മറന്നിരുന്നു. അവനവൻ കടമ്പ പുരസ്‌കാരം ലഭിച്ചപ്പോഴാണ് അരങ്ങിലെത്താത്ത നൃത്തത്തെക്കുറിച്ച് ഗുരുനാഥൻ ഓർമ്മിപ്പിച്ചതും നൃത്തം അവതരിപ്പിക്കാൻ തീരുമാനിച്ചതും. നവകം താളത്തിൽ ദേവികയുടെ ശിഷ്യൻ അജീഷാണ് പാടിയത്. ഇടയ്ക്കയും മദ്ദളവും സജിത് പപ്പൻ.

കാവാലം തനത് നാടകകലയുടെ ആചാര്യൻ: അടൂർ

തനത് നാടകവേദിക്ക് ഏറ്റവുമധികം സംഭാവന നൽകിയ ആചാര്യനാണ് കാവാലം നാരായണപ്പണിക്കരെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. കാവാലം സംസ്‌കൃതിയുടെ മൂന്നാമത് അവനവൻ കടമ്പ പുരസ്‌കാരം മേതിൽ ദേവികയ്ക്ക് നൽകുകയായിരുന്നു അദ്ദേഹം. സംഗീതവും നാടൻ ശീലുകളും ഉൾക്കൊണ്ടുള്ള നാടകങ്ങളായിരുന്നു കാവാലത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. കാവാലം സംസ്‌കൃതി ചെയർമാൻ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. നടൻ കലാധരനെ ആദരിച്ചു. സുശീല വേണു, പ്രദീപ് പനങ്ങാട്, കാവാലം ശ്രീകുമാർ, കാവാലം സജീവ്, സജി കമല എന്നിവർ പങ്കെടുത്തു.