
വിഴിഞ്ഞം: ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതി പിടിയിൽ. മുല്ലൂർ കലുങ്കുനടയിൽ ശ്രീലകത്തിൽ
ശ്രീകുമാറിന്റെ (51) ബൈക്ക് മോഷ്‌ടിച്ചു ആക്രികടയിൽ വിറ്റ പ്രതി ഉള്ളൂർ കിഴക്കേകരവിളാകം വീട്ടിൽ ഗിരിലാലി(34)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്‌റ്റു ചെയ്‌തത്. പ്രതിക്കെതിരെ നിരവധി വാഹനമോഷണ കേസുകളുണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു. കഴിഞ്ഞ 21 ന് ബൈക്ക് കേടായതിനെ തുടർന്ന് ഉടമ കലുങ്കുനടയിൽ വച്ചിട്ടു പോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി ബൈക്ക് എടുത്ത് ആക്രികടയിൽ വിറ്റു 3500 രൂപ വാങ്ങി. കേടായ വാഹനങ്ങളെ മോഷ്‌ടിച്ചു ആക്രികടകളിൽ വിൽക്കുന്ന രീതിയാണ് പ്രതിയുടേതെന്നും പൊലീസ് അറിയിച്ചു. എസ്.ഐമാരായ പ്രശാന്ത്,ഗിരീഷ് ചന്ദ്രൻ, എസ്.സി.പി.ഒമാരായ പ്രമോദ്,സുജിത്ത്, സി.പി.ഒ രാമു, അരുൺ പി.മണി എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റു ചെയ്‌തത്.