
ഉദിയൻകുളങ്ങര: മഹാത്മാഗാന്ധിയുടെ 155-ാം ജയന്തി ആഘോഷിക്കുമ്പോഴും ഗാന്ധിജിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഗാന്ധിസ്മൃതി ആലയം കാടുകയറി നശിച്ചിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല.
ലക്ഷങ്ങൾ വിലപിടിപ്പുള്ള കൈത്തറി ഉപകരണങ്ങൾ മഴയും ചിതലും അരിച്ച് നഷ്ടപ്പെടുമ്പോഴും ഈ സ്ഥാപനം പ്രവർത്തനമുണ്ടെന്ന രീതിയിൽ ഗ്രാന്റ് വാങ്ങുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഗാന്ധിസ്മൃതി ആലയങ്ങൾ സംരക്ഷിക്കാൻ കേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി ഉത്തരവ് നൽകിയിട്ടുണ്ട്.
സ്കൂളിന് മുമ്പിലുണ്ടായിരുന്ന പ്ലാവ് 4 വർഷങ്ങൾക്കു മുമ്പ് പൊതുമരാമത്ത് വകുപ്പ് ലേലത്തിൽ വിറ്റിരുന്നു. ഇവിടെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടിമരങ്ങളാണ് ഇപ്പോൾ. സ്കൂളിൽ ഗാന്ധിജി വന്നുപോയതിന്റെ രേഖകൾ പ്രദർശിപ്പിക്കാനും സൂക്ഷിക്കാനും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ചരിത്രം തുടങ്ങുന്നത് ഇങ്ങനെ
മഹാത്മാഗാന്ധി ഒരു പകൽ മുഴുവൻ വിശ്രമിച്ച ഉദയംകുളം എൽ.എം.എസ്.എൽ.പി.എസ് സ്കൂളിനു സമീപത്തായി സ്ഥാപിച്ച ഖാദി ആലയത്തിലെ അവസാന ചർക്കയും നിലച്ചിട്ട് 6 വർഷത്തോളമായി. കേന്ദ്ര ഖാദി കമ്മിഷന്റെ കീഴിലുള്ളതാണിത്.
1925 മാർച്ച് 14 വൈക്കത്തുനിന്ന് കുളച്ചലിലേക്കുള്ള യത്രയ്ക്കിടെയാണ് ഗാന്ധിജി ഇവിടം സന്ദർശിക്കുന്നത്.
ഇവിടെവച്ച് മത-സാംസ്കാരിക നേതാക്കളുമായി ചർച്ച നടത്തിയതിന്റെ സ്മരണാർത്ഥം 51 വർഷങ്ങൾക്ക് മുമ്പാണ് ഖാദി കേന്ദ്രം സ്ഥാപിച്ചത്.
1994-95 കാലഘട്ടത്തിൽ ഖാദികേന്ദ്രത്തിൽ 160ഓളം തൊഴിലാളികൾ നെയ്ത്ത് പണി ചെയ്തിരുന്നു. 2017-18 എത്തിയതോടെ സമീപവാസിയായ സ്ത്രീ തൊഴിലാളി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരും നിറുത്തിയതോടെ ഇവിടം പൂർണമായും അനാഥമായി.
വർഷങ്ങളായി അടഞ്ഞുതന്നെ
സ്ഥാപനം വർഷങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുക്കളും നിരവധിയാണ്. സമീപത്തായി ഖാദി കേന്ദ്രം പ്രവർത്തിച്ചിരുന്ന 30 സെന്റ് വസ്തുക്കൾ സ്വകാര്യ വ്യക്തികളുടേതുമായി. ഖാദിഗ്രാമ വ്യവസായ കമ്മിഷന്റെയും കേരള ഖാദി വ്യവസായ ബോർഡിന്റെയും അംഗീകാരമുള്ള സ്ഥാപനമാണിത്.
2019ൽ പ്രവർത്തനവും നിലച്ചു
2019ൽ കെട്ടിടം തകർന്നതോടെ ഏക ചർക്കയുടെ പ്രവർത്തനവും നിലച്ചു. ലക്ഷക്കണക്കിനു രൂപയുള്ള ഖാദി ഉത്‌പാദക യന്ത്രങ്ങളും നശിച്ചു. പ്രതിഷേധത്തിന് ഇടയായതോടെ അധികൃതർ തകർന്നുകിടന്ന മേൽക്കൂര നേരെയാക്കി പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് വാഗ്ദാനം നൽകിയെങ്കിലും 4വർഷം കഴിഞ്ഞിട്ടും പ്രാവർത്തികമാക്കിയിട്ടില്ല.
ഇവിടേക്കെത്താനുള്ള വഴിയും സ്വകാര്യ വ്യക്തികൾ കെട്ടിയടച്ചു.
നൂൽക്കാനും നെയ്യാനും തൊഴിലാളികളെ കിട്ടാത്തതാണ് സ്ഥാപനം അടഞ്ഞുകിടക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പതിനഞ്ചോളം തൊഴിലാളികൾ ഇവിടെ ആവശ്യമുണ്ട്. പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ധനസഹായമുണ്ടെങ്കിൽ പ്രവർത്തനം മുന്നോട്ടുപോകുമെന്നാണ് സർവോദയസംഘം അധികൃതർ പറയുന്നത്.