
ഉദിയൻകുളങ്ങര: അമരവിള താന്നിമൂട് ജംഗ്ഷനിലെ കൊല്ലയിൽ വില്ലേജ് ഓഫീസിന്റെ കിഴക്കുഭാഗത്തുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഇന്നലെ പെയ്ത മഴയിലായിരുന്നു സംഭവം. ഇടവഴിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വില്ലേജ് ഓഫീസിന്റെ പൊളിഞ്ഞു വീഴാറായിരുന്ന ചുറ്റുമതിലാണ് ഇന്നലത്തെ മഴയിൽ ഇടിഞ്ഞുവീണ് അടുത്തുള്ള വീടിന്റെ ചുറ്റുമതിൽ തകർത്തത്.
മതിലിനോടു ചേർന്ന് മൂന്നോളം പാഴ് മരങ്ങളുണ്ട്.അവ എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മറിഞ്ഞുവീഴാനുള്ള സാദ്ധ്യതയുണ്ട്. പലപ്രാവശ്യം മരം മുറിക്കാനുള്ള ടെൻഡർ അധികൃതർ നൽകിയെങ്കിലും ടെൻഡർ തുക അധികമായതിനാൽ ആരും ഏറ്റെടുത്തില്ല. മാസങ്ങൾക്കു മുമ്പ് ഇതിൽ ഒരുമരം റോഡിലേക്ക് വീണ് അപകടമുണ്ടാക്കിയിരുന്നു.
വീഴാറായ ചുറ്റുമതിൽ പൊളിച്ചു പണിതില്ലെന്ന്
ആറു മാസങ്ങൾക്കു മുമ്പാണ് പുതിയ വില്ലേജ് ഓഫീസ് പണികഴിച്ചത്. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊളിഞ്ഞുവീഴാറായ കിഴക്കുഭാഗത്തുള്ള ചുറ്റുമതിൽ പൊളിച്ചു പണിയുന്നതിനു പകരം വെള്ള അടിച്ച് ബലപ്പെടുത്തുകയാണ് അധികൃതർ ചെയ്തത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതുക്കിപ്പണിയണം എന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും ബന്ധപ്പെട്ടവർക്ക് പരാതി നൽകി. എന്നാൽ മതിൽ പൊളിച്ച് പുനർനിർമ്മിച്ചില്ല. ആ മതിലാണ് ഇന്നലെ നിലം പതിച്ചത്. പൊളിഞ്ഞുവീണ മതിൽ അധികൃതർ എത്രയും വേഗം പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.