 ഒരാൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നുപേർ ചികിത്സയിൽ. നാവായിക്കുളം,തിരുമല,അതിയന്നൂർ കണ്ണറവിള എന്നിവിടങ്ങളിലുള്ളവരാണ് ചികിത്സയിലുള്ളത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള എല്ലാവരുടെയും നില തൃപ്തികരമാണ്. ഒരാൾ നിരീക്ഷണത്തിലുമുണ്ട്. അതിയന്നൂർ കണ്ണറവിളയിലെ അഞ്ച് യുവാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തലസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്‌തതും കണ്ണറവിളയിലാണ്. ഇവിടുത്തെ കാവിൻകുളം കേന്ദ്രീകരിച്ചായിരുന്നു നേരത്തെ രോഗബാധ. തലസ്ഥാനത്ത് ഇതുവരെ വീര്യംകുറഞ്ഞ അമീബയാണ് രോഗബാധിതരിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ആശങ്കവേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

തലസ്ഥാനത്ത് രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. എന്നാൽ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അമീബയുടെ സാന്നിദ്ധ്യം തലസ്ഥാനത്തെ ജലാശയങ്ങളിൽ വ്യാപകമാണെന്ന ആശങ്കപടർത്തുകയാണ് പുതിയ കേസുകൾ. കുളങ്ങൾക്ക് പുറമേ വീടുകളിലെ കിണറുകളും ക്ലോറിനേറ്റ് ചെയ്‌ത് മുൻകരുതലെടുക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം.