
കല്ലമ്പലം: ജില്ലയിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ നാവായിക്കുളത്തും രോഗവ്യാപനം തടയാൻ ബോധവത്ക്കരണവും നിരീക്ഷണവും ശക്തമാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി കുളിച്ച കപ്പാംവിള മാടൻ കാവ് കുളം ശുചീകരിച്ച് കമ്പി വേലികെട്ടി പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കും.
എല്ലാ വാർഡുകളിലും വീണ്ടും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
വെള്ളം കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ജലാശയങ്ങൾക്കും മുന്നിലും ബോധവത്ക്കരണ ബോർഡുകൾ സ്ഥാപിച്ചു.
ഡീസന്റ്മുക്ക് വാർഡിൽ താമസിക്കുന്ന നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് ആണ് ഇപ്പോൾ അസുഖം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം കുളിച്ച സുഹൃത്തുക്കളായ നാല് വിദ്യാർത്ഥികൾ വീടുകളിൽ നിരീക്ഷണത്തിലായിരുന്നു . ആരോഗ്യ പ്രവർത്തകർ ഇവരുടെ വീട്ടിലെത്തി പരിശോധിക്കുകയും വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിശോധനയിൽ അസുഖം ഉള്ളതായി കണ്ടെത്തിയിട്ടില്ല.
പതിനൊന്നാം വാർഡിലെ ബോധവത്ക്കരണ പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ റാഫി ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഷാ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.എ.നസ്‌നി, ശ്രുതി, ഇന്ദിര എന്നിവർ സംസാരിച്ചു. വെള്ളം കെട്ടി നിൽക്കുന്ന ജലാശയങ്ങളിൽ മുങ്ങി കുളിച്ചവർക്ക് പനി, തലവേദന, ജലദോഷം എന്നിവ ഉണ്ടായാൽ ചികിത്സ തേടുകയും കുളത്തിൽ മുങ്ങി കുളിച്ച കാര്യം ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണമെന്നും മെഡിക്കൽ ഓഫീസർ എസ്.സുരേഷ് കുമാർ അറിയിച്ചു.