
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതും സർഗ്ഗാത്മകവുമാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകരിച്ച സമഗ്ര ഡിസൈൻ പോളിസിക്ക് (രൂപകൽപനാ നയം) നിർണായക സംഭാവന നൽകാൻ കഴിയുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ) സംഘടിപ്പിച്ച ത്രിദിന ഡിസൈൻ പോളിസി ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയ്ക്കാണ് ഡിസൈൻ പോളിസിയുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
സമഗ്രമായ ഡിസൈൻ പോളിസി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ആദ്യ പദ്ധതിയായി കൊല്ലം നഗരസഭയിൽ റെയിൽവേ മേൽപ്പാലത്തിന് കീഴിലുള്ള സ്ഥലം മോടിപിടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം മനസിലാക്കി പ്രായോഗിക പരിഗണനകളോടെയാണ് പദ്ധതികൾക്ക് സമയപരിധി നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, ടൂറിസം വകുപ്പ് അഡിഷണൽ ഡയറക്ടർ വിഷ്ണുരാജ്.പി, കെ.ടി.ഐ.എൽ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ കെ എന്നിവർ സംസാരിച്ചു.
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ
കേന്ദ്രത്തിന് നാളെ കണ്ണൂരിൽ തുടക്കം
#കെൽട്രോൺ സംരംഭം
# ഐ.എസ്. ആർ.ഒ പിന്തുണ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാവും.
വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ളക്സ് ആരംഭിക്കുന്ന പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ പുറത്തിറക്കും. പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യും.
ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ സാധിക്കും.
42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് ചെലവ് 18 കോടി . ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. നാലാം വർഷത്തോടെ 22 കോടിയുടെ വാർഷിക വിറ്റുവരവും 3 കോടി യുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു.
# ബഹിരാകാശ പേടകം
മുതൽ ബൈക്കിൽ വരെ
*ഏറ്റവും ഉയർന്ന ശേഷിയുള്ള സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്നു. *ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനുമാവും.
*ദീർഘകാലം തകരാറില്ലാതെ പ്രവർത്തിക്കും.
*ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങിയവയിൽ
*ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊർജ്ജം സംഭരിക്കും.
കേരളത്തിന്177
മെഗാവാട്ട് വൈദ്യുതി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ അനുമതി. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ബാർഹ് 1, 2 നിലയങ്ങളിൽ നിന്ന് യഥാക്രമം 80, 97 മെഗാവാട്ട് വൈദ്യുതി ഒക്ടോബർ ഒന്നു മുതൽ 2025 മാർച്ച് 31വരെയാകും ലഭ്യമാക്കുക. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കൂടി ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ, യൂണിറ്റിന് 5 രൂപയ്ക്കു താഴെ വൈകിട്ട് 6 മുതൽ 11വരെയുള്ള പീക്ക് സമയത്തുൾപ്പെടെ ലഭിക്കും. 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ കേന്ദ്ര ഊർജ്ജ വകുപ്പ് സെക്രട്ടറിയെയും ജോയിന്റ് സെക്രട്ടറിമാരെയും സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയെപ്പറ്റി വിശദീകരിച്ചിരുന്നു.