press

പാലോട്: ജില്ലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ നാലുപേരെ പാലോട് പൊലീസ് അറസ്റ്റുചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടുംമ്പ് പഴവിളാകത്ത് വീട്ടിൽ രാജേഷ് (42,​കൊപ്ര ബിജു), ഭാര്യ ഉടുമ്പൻചോല കർണ്ണപുരം കൂട്ടാർ ചേരമൂട് രാജേഷ് ഭവനിൽ രേഖ (33),നന്ദിയോട് ആലംപാറ തോടരികത്ത് വീട്ടിൽ അരുൺ(27,​റെമോ),​ ഭാര്യ വെള്ളയംദേശം കാഞ്ചിനട തെക്കുംകര പുത്തൻവീട്ടിൽ ശില്പ (26) എന്നിവരാണ് പിടിയിലായത്. പെരിങ്ങമ്മല കൊച്ചുവിളയിലെ വീട്ടിൽ നിന്നും 10 പവനും പാലോട് സത്രക്കുഴി മാരീശന്റെ വീട്ടിൽ നിന്നും 45 പവനും രണ്ട് ലക്ഷം രൂപയും കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. നിലവിൽ ഈ സ്വർണം തമിഴ്നാട്ടിലെ വിവിധ ബാങ്കുകളിൽ പണയം വച്ചും വില്പന നടത്തിയും കോയമ്പത്തൂരിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. മോഷണം നടത്തേണ്ട വീടുകൾ പകൽസമയം കണ്ടുവച്ച ശേഷം സി.സി.ടിവി ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മോഷണം.

രാജേഷിന്റെ പേരിൽ നാല്പതിലധികം കേസുകളും അരുണിന്റെ പേരിൽ പോക്സോ കേസ് ഉൾപ്പെടെ ഇരുപത്തിയഞ്ചോളം കേസുകളും നിലവിലുണ്ട്. കടയ്ക്കലിൽ ഇരുചക്രവാഹന ഷോറൂമിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലും പ്രതിയാണ് ശില്പ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലോട് കരിമൺകോട് നിന്നാണ് രാജേഷിനേയും അരുണിനേയും പിടികൂടിയത്. ഗ്രാമീണമേഖലയിൽ മോഷണം പതിവാകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ,നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ.കെ.എസ്, പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, ഷാഡോ എസ്.ഐ മാരായ.സജു, ഷിബു. സി.പി.ഒ വിനീത്, എസ്.സി.പി.ഒ സജീവ്, ഡാൻസാഫ് ടീമംഗങ്ങളായ ഉമേഷ് ബാബു, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.