തിരുവനന്തപുരം: റവന്യൂ ജില്ലാ കായികമേളയ്ക്ക് ആവശ്യമായ പണം തുടർച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് കുടിശികയാക്കിയതോടെ ഇന്ന് നടക്കേണ്ട ഗുസ്തി മത്സരം മുടങ്ങി. ഇതോടെ ഭാരംകുറയ്ക്കാൻ മാസങ്ങളായി പട്ടിണി കിടന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ വലഞ്ഞു. മത്സരത്തിനായി ക്യാമ്പുകളിൽ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ അറിയിപ്പെത്തിയത്. മത്സരങ്ങൾ നടത്താൻ പണം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാത്തതാണ് കാരണം. ഇന്ന് രാവിലെ 9 മുതൽ വെള്ളായണി അയ്യങ്കാളി സ്കൂളിൽ നടക്കേണ്ടിയിരുന്ന മത്സരം ഇനി എന്ന് നടത്തുമെന്നും വ്യക്തതയില്ല. അടുത്തമാസം 7ന് കണ്ണൂരിൽ സംസ്ഥാനതല ഗുസ്തി മത്സരം നടക്കാനിരിക്കെയാണിത്. മറ്റു ജില്ലകളിലെല്ലാം മത്സരങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുമ്പോഴാണ് തിരുവനന്തപുരത്തെ വിദ്യാർത്ഥികളുടെ ദുരവസ്ഥ. തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലകൾ ചേർന്നതാണ് തിരുവനന്തപുരം റവന്യൂ ജില്ല. കലോത്സവ നടത്തിപ്പിനായി അദ്ധ്യാപകരിൽ ഒരാളെ റവന്യൂ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കാറുണ്ട്. ഓരോ കായികമേള കഴിയുമ്പോഴും ഇക്കൂട്ടർ കടക്കാരാകുന്നതായി അദ്ധ്യാപകർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി റവന്യൂ ജില്ലയുടെ കായികമേളയ്ക്കായി ചെലവാകുന്ന പണം പൂർണമായി നൽകാറില്ല. 2022-23ൽ 15ലക്ഷത്തിൽ 5ലക്ഷം അനുവദിച്ചു. 2023-24ൽ 16ലക്ഷത്തിൽ ഒൻപതര ലക്ഷവും കുടിശികയാണ്. ഈ വർഷം 17ലക്ഷം ചെലവാകുമെന്നാണ് കണക്ക്. അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്. സ്കൂൾ കായികമേളയുടെ ഭാഗമായി നടക്കേണ്ട 38 ഇനങ്ങളിൽ ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ തുടങ്ങിയ 14 ഇനങ്ങൾ റവന്യൂ ജില്ലയിൽ പൂർത്തിയായെങ്കിലും ഇനി ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ പണമില്ല. കടം വാങ്ങി മത്സരങ്ങൾ നടത്തിയാൽ മുൻവർഷങ്ങളിലെ പോലെ അദ്ധ്യാപകർക്ക് ബാദ്ധ്യതയാകുമെന്ന് ഭയന്നാണ് ഇന്നത്തെ ഗുസ്തി മത്സരം മാറ്റിവച്ചത്. ഒക്ടോബർ അവസാനം കാര്യവട്ടം എൽ.എൻ.സി.പിയിൽ അത്‌ലറ്റിക് മത്സരമുൾപ്പെടെ നിശ്ചയിച്ചിരിക്കുകയാണ്. പണം അനുവദിക്കാതിരുന്നാൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.