കാട്ടാക്കട: തുറന്ന് വിടുന്നതിനിടെ പാമ്പ് പിടിത്തക്കാരന് മൂർഖന്റെ കടിയേറ്റു.വനം വകുപ്പിന്റെ ലൈസൻസ്ഡ് വോളന്റിയറായ കിള്ളിപ്പാലം സ്വദേശി ഷിബുവിനാണ് മൂർഖന്റെ കടിയേറ്റത്.അതീവ ഗുരുതരാവസ്ഥയിൽ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3 മണിയോടെ തിരുവനന്തപുരം ഭാഗത്തുനിന്ന് ഷിബു രക്ഷപ്പെടുത്തിയ അണലി,മൂർഖൻ ഉൾപ്പെടെ പാമ്പുകളുമായി സഹായി ബിജുവുമായി ഷിബു പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി.ഇവിടത്തെ ആർ.ആർ.ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാൻ ബാഗ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി മൂർഖന്റെ കടിയേറ്റത്.ഷിബുവിന്റെ കൈയിലാണ് കടിയേറ്റത്.ഉടൻതന്നെ ഷിബുവിനെ വിതുരയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.അപകട നിലതരണം ചെയ്തതായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ അറിയിച്ചു.