തിരുവനന്തപുരം: ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റിനങ്ക ദേവിയുടെ അനന്തപുരിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് രാവിലെ 6.15നും 7.15നും മദ്ധ്യേ പുറപ്പടും.

നാളെ പുലർച്ചെ പദ്മനാഭപുരം കൊട്ടാരത്തിൽ എഴുന്നള്ളത്ത് എത്തുമ്പോഴേക്കും വേളിമലയിൽ നിന്നും കുമാരസ്വാമിയും അവിടെ എത്തും. അവിടെ നിന്നും സരസ്വതി ദേവിക്കൊപ്പമാണ് പിന്നെ തലസ്ഥാനത്തേക്കുള്ള പുറപ്പാട്. തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളും ഘോഷയാത്രയായി കൊണ്ടുവരും.

സരസ്വതിദേവീ വിഗ്രഹം ആനപ്പുറത്തും മറ്റ് രണ്ട് വിഗ്രഹങ്ങൾ പല്ലക്കിലുമാണ് എഴുന്നള്ളിക്കുക. നഗരത്തിൽ പ്രവേശിക്കുമ്പോൾ കുമാരസ്വാമി വിഗ്രഹത്തെ വെള്ളിക്കുതിരപ്പുറത്തേറ്റും. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കവച്ചതാണ് കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര. ഒക്ടോബർ മൂന്നിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിൽ ഈ ഘോഷയാത്രയ്ക്ക് തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആചാരപരമായ വരവേല്പ് നൽകും.

4ന് രാവിലെ 8.30ന് സരസ്വതീ വിഗ്രഹത്തെ കിഴക്കേനടയിലെ നവരാത്രി മണ്ഡപത്തിൽ പ്രതിഷ്ഠിക്കും. തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾ ആയുധങ്ങളും ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിന് മുന്നിൽ പൂജവയ്ക്കും. കുമാര സ്വാമിയേയും വെള്ളിക്കുതിരയേയും ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പ്രതിഷ്ഠിക്കും. അതോടെ നവരാത്രി ആഘോഷത്തിന് തുടക്കമാകും.

നാളെ രാവിലെ 7.30നും 8നും മദ്ധ്യേയാണ് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്കമാളികയിൽ ഉടവാൾ കൈമാറ്റം നടക്കുന്നത്. വിഗ്രഹഘോഷയാത്രയിലെ വിഗ്രഹങ്ങളെ അന്ന് രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിലും 2ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമിറക്കി പൂജിക്കും. കളിയിക്കാവിളയിലും നേമത്തും വരവേല്പ് നൽകും.