cleaning

നേമം: അപകടം വിതയ്ക്കുന്ന നിലയിൽ കരമന-കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലത്ത് റോഡിനോടു ചേർന്ന് വളർന്നുകിടന്ന കാട് വൃത്തിയാക്കി പള്ളിച്ചൽ പഞ്ചായത്ത്.

പരിപാലനമില്ലാത്തതിനാൽ നാഷണൽ ഹൈവേയിൽ നേമം മുതൽ വെടിവെച്ചാൻകോവിൽ വരെയുള്ള ഭാഗത്തെ മീഡിയനുകളിൽ കാടുപിടിച്ചു കിടക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട വരെ റോഡ് 30.5 മീറ്ററിൽ വീതി കൂട്ടൽ കരാർ ഏറ്റെടുത്തിരുന്നത്. പണിപൂർത്തിയായതോടെ അവരുടെ ഉത്തരവാദിത്വം അവസാനിച്ചു.

പരിപാലനച്ചുമതല നാഷണൽ ഹൈവേ അതോറിട്ടിക്കാണെങ്കിലും അവരും തിരിഞ്ഞു നോക്കാതായതോടെ മീഡിയനുകളിൽ കാടുകയറി. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പഞ്ചായത്തധികൃതർ രംഗത്തിറങ്ങിയത്.

പള്ളിച്ചൽ പഞ്ചായത്ത് റോഡിലെ മീഡിയനുകളുടെ പരിപാലനച്ചുമതല ഏറ്റെടുക്കാമെന്നേറ്റിട്ടും ദേശീയപാത അതോറിറ്റി എൻ.ഒ.സി നൽകാതെ മുഖം തിരിച്ചതാണ് പള്ളിച്ചൽ പഞ്ചായത്തിനെ ചൊടിപ്പിച്ചത്. പ്രാവച്ചമ്പലം വാർഡ് മെമ്പർ ഇ.ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മീഡിയനുകളിലെയും ഫുട്പാത്തിലെയും കാട് തെളിക്കൽ ഇന്നലെ ആരംഭിച്ചു.