തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി.തിങ്കളാഴ്ച രാവിലെ 7നാണ് കുരങ്ങുകൾ ചാടിയതായി മൃഗശാല അധികൃതർ അറിയുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറന്ന കൂടിന്റെ സമീപത്തെ രണ്ട് മരങ്ങളിലായി കുരങ്ങുകളെ കണ്ടെത്തി.കഴിഞ്ഞ വർഷം അധികൃതരുടെ കണ്ണുവെട്ടിച്ച് നഗരത്തിൽ ചുറ്റിത്തിരിഞ്ഞ ഹനുമാൻ കുരങ്ങും ചാടിയ കൂട്ടത്തിലുണ്ട്.ഇന്നലെ മൃഗശാല അവധിയായതിനാൽ സന്ദർശകരില്ലായിരുന്നു.
രാത്രിയായിട്ടും കുരങ്ങുകൾ കൂട്ടിൽ കയറിയിട്ടില്ല.തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമം അധികൃതർ തുടരുകയാണ്.ഞായറാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും സമീപത്തെ മുള തുറന്ന കൂട്ടിലേക്ക് ചാഞ്ഞിരുന്നു.ഇതുവഴിയാണ് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ആകെ നാല് ഹനുമാൻ കുരങ്ങുകളാണ്(മൂന്ന് പെണ്ണും ഒരാണും) ഈ കൂട്ടിലുണ്ടായിരുന്നത്. ആൺകുരങ്ങ് കൂട്ടിൽത്തന്നെയുണ്ട്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച ഒരു കുരങ്ങും ഹരിയാനയിലെ റോത്തക്ക് മൃഗശാലയിൽ നിന്നെത്തിച്ച മൂന്ന് കുരങ്ങുകളിൽ രണ്ടെണ്ണവുമാണ് ചാടിയിരിക്കുന്നത്. ഇവർ ഇരിക്കുന്ന മരത്തിനു താഴെ ഭക്ഷണം വച്ച് വല വിരിച്ചിട്ടുണ്ട്.കൂട്ടിലേക്ക് ചാഞ്ഞ മുള മൃഗശാല അധികൃതർ മുറിച്ചതിനാൽ കുരങ്ങുകൾക്ക് തിരിച്ച് സ്വമേധയാ കൂട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല.
ഇത് രണ്ടാം തവണ
കഴിഞ്ഞ വർഷം ജൂൺ 13നാണ് പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.അടച്ചിട്ട കൂട്ടിൽ നിന്ന് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് മൃഗശാല കീപ്പർമാരെ കബളിപ്പിച്ച് കുരങ്ങ് ചാടിപ്പോയത്.നഗരം മുഴുവൻ കറങ്ങിനടന്ന കുരങ്ങിനെ 24-ാം ദിവസമാണ് പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ടോയ്‌ലെറ്റിൽ നിന്ന് പിടികൂടിയത്.അന്ന് ചാടിപ്പോകാൻ കാരണമായ മരക്കൊമ്പുകൾ പൂർണമായും അധികൃതർ വെട്ടിമാറ്റിയിരുന്നു. ഇതിനുശേഷം അടച്ചിട്ട കൂട്ടിൽ വളർത്തിയതിനു ശേഷം ഒരു മാസം മുൻപാണ് തുറന്ന കൂട്ടിലേക്ക് ഈ കുരങ്ങിനെ മാറ്റുന്നത്.
പ്രകോപിക്കാതെ തിരികെ
എത്തിക്കാൻ നീക്കം
കുരങ്ങുകളെ പ്രകോപിക്കാതെ തിരികെ എത്തിക്കാനാണ് മൃഗശാല അധികൃതരുടെ തീരുമാനം. ജീവനക്കാരെയടക്കം സമീപത്തു നിന്ന് മാറ്റിയിരിക്കുകയാണ്. മരങ്ങളുടെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുരങ്ങുകൾ താഴെ വച്ചിരിക്കുന്ന ആഹാരമെടുത്താലേ പിടികൂടാൻ സാധിക്കൂ.ശബ്ദമുണ്ടാക്കിയാൽ കുരങ്ങുകൾ മ്യൂസിയത്തിനു പുറത്ത് ചാടിപ്പോകാൻ സാദ്ധ്യതയുണ്ട്. നന്തൻകോട് ഭാഗത്ത് നിൽക്കുന്ന മരം വഴി ചാടിപ്പോകാൻ സാദ്ധ്യതയുള്ളതിനാൽ ആ ഭാഗത്തും ജീവനക്കാരുടെ നിരീക്ഷണം തുടരും.
പിടികൂടിയില്ലെങ്കിൽ
ഇന്ന് അവധി
രാത്രിയിലും മൃഗശാലയിൽ നിരീക്ഷണമുണ്ടായിരിക്കും.തിങ്കളാഴ്ച രാത്രിയിലും കുരങ്ങുകളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ന് മൃഗശാലയ്ക്ക് അവധിയായിരിക്കുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ മഞ്ജുള ദേവി അറിയിച്ചു. മ്യൂസിയത്തിന് അവധി ബാധകമല്ല.
.