വർക്കല: ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിൽ പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന ആവശ്യം ശക്തം. ഓട്ടോയിൽ സഞ്ചരിക്കുന്ന തദ്ദേശീയരായ യാത്രക്കാരിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും അമിതപണം ഈടാക്കുന്നതായി നിരവധി പരാതികളാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്. 25000ത്തിലധികം യാത്രക്കാരാണ് നിത്യേന വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കായി എത്തുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് ബസ്സുകളും ഓട്ടോറിക്ഷകളുമാണ്. സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായി വിദേശിയർ ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് മുന്നിലും വിനോദസഞ്ചാര മേഖലയിലും യാത്രക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കം പതിവാണ്. ഓട്ടോറിക്ഷ തൊഴിലാളികളിൽ ചിലർ പകൽകൊള്ള നടത്തുന്നത് തങ്ങൾക്ക് മുഴുവനായും നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണെന്ന് തൊഴിലാളികൾ തന്നെ വ്യക്തമാക്കുന്നു. യാത്രയുടെ പ്രാധാന്യവും സമയനഷ്ടവും കണക്കാക്കി പരാതിയുമായി മുന്നോട്ട് പോകാൻ യാത്രക്കാർക്ക് കഴിയാതെ വരുന്ന സാഹചര്യം മുതലെടുക്കലാണ് പലപ്പോഴും സംഭവിക്കുന്നത്. അമിതപണം ഈടാക്കുന്നത് ചോദ്യം ചെയ്താൽ അപമാനിക്കലും അസഭ്യവർഷവും ഓട്ടം പോകാൻ വിസമ്മതിച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നതും സ്ഥിരം പ്രവണതയാണെന്ന് യാത്രക്കാർ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിടപെട്ട് പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം നടപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
പകൽക്കൊള്ള
പാപനാശം നോർത്ത് സൗത്ത് ക്ലിഫ് മേഖലകളിൽ യാത്രയ്ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം നൽകി വേണം യാത്ര ചെയ്യാൻ. യാത്ര തുടങ്ങും മുൻപ് തുക എത്രയാവുമെന്ന് ചോദിച്ചാൽ ആളും തരവും വസ്ത്രധാരണ രീതിയുമെല്ലാം നോക്കി തുക പറയുന്നവരും ഇക്കൂട്ടരിലുണ്ട്. സ്ത്രീ യാത്രികരാണ് പലപ്പോഴും പകൽക്കൊള്ളയ്ക്ക് ഇരകളാകുന്നത്. മിതവും അനുവദനീയവുമായ യാത്രാനിരക്ക് ഈടാക്കുന്നത് വിരളമാണ്. പകലും രാത്രിയിലും മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുമുണ്ട്. വർക്കല സബ് ആർ.ടി.ഒ മുൻകൈയെടുത്ത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു.
രാത്രിയിൽ മിനിമം ചാർജ്ജ് 300
രാത്രിയിൽ വൈകി ട്രെയിനിലെത്തുന്ന യാത്രക്കാരിൽ നിന്നും മിനിമം ദൂരമാണെങ്കിൽപ്പോലും 300രൂപയാണ് പല ഓട്ടോക്കാരും വാങ്ങുന്നത്. ദൂരം കൂടുന്തോറും ഈ തോതിൽ തുക വർദ്ധിക്കും.