
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി (ഐ.ഐ.എഫ്.എ) അവാർഡ് വേദിയെ അനുസ്മരണീയമാക്കി ബോളിവുഡ് എവർഗ്രീൻ താരം രേഖ. മനോഹരമായ നൃത്ത പ്രകടനത്തിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ചപ്പോൾ പ്രായം വെറുമൊരു സംഖ്യ മാത്രമെന്ന് രേഖ തെളിയിച്ചു.
മനോഹരമായ അനാർക്കലി വസ്ത്രം ധരിച്ച് വേദിയിൽ എത്തിയ രേഖ സഹ നർത്തകർക്കൊപ്പം 20 മിനിട്ടിലധികം നിറുത്താതെ ചുവടുകൾ വച്ചാണ് സദസിന്റെ കൈയടി നേടിയത്. രേഖ നൃത്തം ചെയ്യുന്ന വീഡിയോക്ക് രാത്രി പ്രകാശിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. ഗൈഡ് എന്ന ചിത്രത്തിലെ ലതാമങ്കേഷ്കറിന്റെ പിയാ തോസെ നൈനാ ലഗേ രേ എന്ന ഗാനത്തിനെ അനുസ്മരിച്ച് രേഖ നൃത്തം ചെയ്യുന്നത് കാണാം. മുഗൾ ഇ അസം എന്ന ചിത്രത്തിലെ മോഹെ പംഘത്, വോ കൗൻ സി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ, മിസ്റ്റർ നട്‌വർലാൽ എന്ന ചിത്രത്തിലെ പർദേശിയ യേ സച്ച് ഹേ പിയ എന്നീ ഗാനരംഗങ്ങൾക്ക് അനുസരിച്ചും അവർ ചുവടുവച്ചു.
ഐ.ഐ.എഫ്.എ അവാർഡ് നിശ 2024 അബുദാബിയിൽ താരനിബിഡമായ സദസിലാണ് അരങ്ങേറിയത്. ഹേമമാലിനി, ഷാരൂഖ് ഖാൻ, റാണി മുഖർജി, അനിൽ കപൂർ, ബോബി ഡിയോൾ , വിക്കി കൗശൽ, ഷാഹിദ് കപൂർ, കൃതി സനോൺ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ബോളിവുഡിലെ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.