
ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട ഗ്യാസ് സിലിണ്ടർ കയറ്റിയ പിക്കപ്പ് വാൻ എതിരെ വന്ന കാറിലും ബൈക്കിലുമിടിച്ച ശേഷം സമീപത്തെ കടയിലിടിച്ചു നിന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. കൊല്ലം ഭാഗത്തു നിന്ന് വന്ന പിക്കപ്പ് വാൻ പുളിമൂട് ഭാഗത്തു വച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബാലരാമപുരം സ്വദേശി സഞ്ചരിച്ച കാറിലും മറ്റൊരു ബൈക്കിലുമിടിച്ച ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അല്പസമയം ഗതാഗത തടസമുണ്ടായി.