photo

നെടുമങ്ങാട്: പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ നടുവൊടിച്ച് കെ.എസ്.ആർ.ടി.സിയുടെ ശുഭയാത്ര! തറയോടു പാകലും തകർന്ന ഡ്രെയിനേജ് പൈപ്പുകൾ നീക്കം ചെയ്യലും നടക്കുന്നുണ്ടെങ്കിലും ബസ് സ്റ്റാൻഡിന്റെ ദുര്യോഗം ഒഴിയുന്നില്ല. തറയോടുകൾ പാടേ ഇളകി രൂപപ്പെട്ട വെള്ളക്കെട്ടിൽ ആടിയുലഞ്ഞാണ് യാത്രക്കാരെയും കയറ്റി ബസുകളുടെ സവാരി. വിവിധ റൂട്ടുകളിലേക്ക് പുറപ്പെടേണ്ട ബസുകൾക്ക് പ്ളാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

ഡിപ്പോ ശോച്യാവസ്ഥയിൽ

ഡിപ്പോ കോംപ്ലക്സിലെ കടകളിലും ഓഫീസുകളിലും ജോലി നോക്കുന്നവരും യാത്രക്കാരും മൂക്ക് പൊത്തിയാണ് ദിവസം കഴിച്ചുകൂട്ടുന്നത്. തറയോടുകൾ മാറ്റി ഡ്രെയിനേജിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാൻ ലക്ഷങ്ങളാണ് അടുത്തിടെ ചെലവിട്ടത്. പുതുതായി സ്ഥാപിച്ച സ്ളാബുകളും അവശേഷിച്ച തറയോടുകളും കൂടി തകർന്നതാണ് സാഹചര്യം രൂക്ഷമാക്കിയത്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് നൂറിലധികം ബസുകളും ആയിരക്കണക്കിന് യാത്രക്കാരും ദിവസേന എത്തിച്ചേരുന്ന ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.