തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ സുരക്ഷ ശക്തിപ്പെടുത്താൻ വാഴ്സിറ്റി തീരുമാനിച്ചു.രാത്രിയിൽ ക്യാമ്പസ് റോഡിലൂടെ നടന്നുപോയ, ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഒരാൾ കടന്നുപിടിച്ചെന്ന് വിവരം കിട്ടിയതായി കഴക്കൂട്ടം പൊലീസ് സർവകലാശാലയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വൈസ്ചാൻസലർ ഡോ.മോഹൻ കുന്നുമ്മേൽ ക്യാമ്പസ്‌ ഉദ്യോഗസ്ഥരുടെയും,വിദ്യാർത്ഥി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ക്യാമ്പസിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ക്യാമ്പസ് റോഡുകളിലും ഹോസ്റ്റലുകൾക്ക് മുന്നിലും പ്രധാന ഗേറ്റുകളിലും സിസിടി.വി ക്യാമറകൾ ഉടൻ സ്ഥാപിക്കും. ക്യാമ്പസിന് ചുറ്റും വഴിവിളക്കുകൾ സ്ഥാപിക്കും. ക്യാമ്പസിൽ കൂടുതൽ സുരക്ഷാജീവനക്കാരെ നിയോഗിക്കും. ക്യാമ്പസിലെ ലൈബ്രറിയുടെ പ്രവർത്തനം രാത്രി 12 വരെയായതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് രാത്രി 12 വരെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാത്രിയിൽ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ക്യാമ്പസിന് പുറത്തും കാണുന്നതായി പൊലീസ് വൈസ്ചാൻസലറെ അറിയിച്ചിരുന്നു.

ക്യാമ്പസ് ഡയറക്ടർ,സെക്യൂരിറ്റി ഓഫീസർ,ക്യാമ്പസിലെ ഉയർന്ന ഉദ്യോഗസ്ഥർ,പൊലീസ് ഉദ്യോഗസ്ഥർ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് ക്യാമ്പസിലെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.