തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി നിലച്ചതിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ. സംഭവത്തിൽ വിശദ റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ നൽകാൻ കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരോട് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോർജും അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് ഏഴു മുതൽ രാത്രി പത്തുവരെയാണ് ആശുപത്രിയിൽ വൈദ്യുതി നിലച്ചത്.

വൈകിട്ട് മൂന്നര മുതൽ അഞ്ചരവരെ എസ്.എ.ടിയിലേക്ക് വൈദ്യുതി നൽകുന്ന രണ്ടാം നമ്പർ ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കാൻ കെ.എസ്.ഇ.ബി ലൈൻ ഓഫ് ചെയ്തിരുന്നു. അഞ്ചരയ്ക്ക് ജോലി തീർത്ത് ലൈൻ ഓൺ ചെയ്തെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. എന്നാൽ ആശുപത്രിയിലെ വൈദ്യുതി സംവിധാനം നിയന്ത്രിക്കുന്ന വാക്വം സർക്യൂട്ട് ബ്രേക്കർ തകരാറിലായതോടെ സപ്ളൈ പുനഃസ്ഥാപിക്കാനായില്ല. ഇതിന്റെ ഉത്തരവാദിത്വം ആശുപത്രിക്കാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.

ആശുപത്രിക്കുള്ളിലെ സ്വിച്ചുകളും വയറിംഗും അടക്കമുള്ള സംവിധാനം ശരിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്നും കെ.എസ്.ഇ.ബി വാദിക്കുന്നു. എന്നാൽ വൈദ്യുതി നൽകിയാൽ മാത്രം പോരാ, സുരക്ഷയും ശരിയായ വിനിയോഗവും ഉറപ്പാക്കേണ്ട ചുമതലയും കെ.എസ്.ഇ.ബിക്ക് ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മറുപടി.

അതേസമയം, പൊതുസ്ഥാപനങ്ങളിലടക്കം വൈദ്യുതി വിതരണ സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ചുമതല ശരിയായി നിർവ്വഹിച്ചോയെന്നും പരിശോധിക്കുന്നുണ്ട്.