ഇരുട്ടിലായത് അത്യാഹിത വിഭാഗവും ഏഴുവാർഡുകളും
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30ഓടെ പുറത്തുനിന്നുള്ള ജനറേറ്റർ എത്തിച്ച് പഴയബ്ലോക്കിലെ വൈദ്യുതി ബന്ധം താത്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കാൻ സാധിക്കാത്തത് രാത്രിയിലും ആശങ്കയായി. എന്നാൽ ഗോൾഡൻ ജൂബിലി ബ്ലോക്കിൽ ഒരുഘട്ടത്തിലും വൈദ്യുതി മുടങ്ങാതിരുന്നത് വലിയ ആശ്വാസമായി. ഇവിടെയാണ് കുട്ടികളുടെ ഐ.സി.യു,വെന്റിലേറ്റർ സംവിധാനങ്ങളും നവജാത ശിശുക്കൾക്കായുള്ള നിയോനേറ്റൽ വാർഡുമുള്ളത്.
പഴയ ബ്ലോക്കിലേക്ക് വൈദ്യുതിയെത്തുന്ന ലൈനിന്റെ എയർ സർക്യൂട്ട് ബ്രേക്കർ (എ.സി.ബി) ഇന്നലെ രാവിലെ 7.30നാണ് മാറ്റി സ്ഥാപിക്കാനായത്. അത്യാഹിതവിഭാഗവും ഏഴു വാർഡുകളും ഉൾപ്പെടുന്ന പഴയബ്ലോക്ക് രാത്രിയിൽ പൂർണമായും പുറത്തുനിന്നുള്ള ജനറേറ്ററിലായിരിക്കും പ്രവർത്തിക്കുകയെന്നും തകരാർ രാവിലെയോടെ മാത്രമേ പരിഹരിക്കാനാകൂവെന്നും കെ.എസ്.ഇ.ബി അറിയിച്ചതോടെ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം മറ്റൊരു ജനറേറ്റർ യൂണിറ്റും മുൻകരുതലായി എസ്.എ.ടിയിലെത്തിച്ചിരുന്നു. എന്നാലത് ഉപയോഗിക്കേണ്ടിവന്നില്ല.
പുലർച്ചെയോടെ കെ.എസ്.ഇ.ബി പണി പൂർത്തിയാക്കി ലൈൻ ചാർജ് ചെയ്‌തതോടെയാണ് ആശങ്ക അവസാനിച്ചത്. തകരാറിലായ ജനറേറ്ററിന്റെ കോൺടാക്ടർ ഇന്നലെ ഉച്ചയ്ക്കുശേഷം മാറ്റിയതോടെ ജനറേറ്ററും പ്രവർത്തനസജ്ജമായി. പുറത്തുനിന്നുള്ള ജനറേറ്ററുകൾ മടക്കി അയച്ചു.
എസ്.എ.ടി ഇരുട്ടിലാക്കിയ
മൂന്ന് തകരാറുകൾ
അറ്റകുറ്റപ്പണിയെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ എസ്.എ.ടി ആശുപത്രിയിലെ പഴയബ്ലോക്ക് 320 കെ.വി ജനറേറ്ററിലും
ഗോൾഡൻ ജൂബിലി ബ്ലോക്ക് 500 കെ.വി ജനറേറ്ററിലുമാണ് പ്രവർത്തിച്ചത്.
ആർ.എം.യുവിലെ അറ്റകുറ്റപ്പണി കഴിഞ്ഞ് കെ.എസ്.ഇ.ബി വൈകിട്ട് 5.40ന് ചാർജ് ചെയ്‌തെങ്കിലും
എസ്.എ.ടിയിലെ എച്ച്.ടി പാനലിൽ ശബ്ദവും പുകയുമുണ്ടായി.
6.15ഓടെ ട്രാൻസ്‌ഫോർമറിൽ നിന്ന് പഴയബ്ലോക്കിലേക്ക് വൈദ്യുതി വിതരണം നടക്കേണ്ട
രണ്ടാമത്തെ എച്ച്.ടി പാനലിലെ വി.സി.ബി തകരാറാണെന്ന് കണ്ടെത്തി, പണി തുടങ്ങി.
7.30ന് പഴയബ്ലോക്കിലെ ജനറേറ്ററിന്റെ കോൺടാക്ടർ തകരാറിലായതോടെയാണ് അവിടെ വൈദ്യുതിബന്ധം നിലച്ചത്.
എന്നാൽ ഒരേസമയം ട്രാൻസ്‌ഫോമറിലും ജനറേറ്ററിലും അറ്റകുറ്റപ്പണി തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
9.30ഓടെ പുറത്തുനിന്നുള്ള ജനറേറ്റർ സ്ഥലത്തെത്തി.പഴയ ജനറേറ്റർ മാറ്റി പുറത്തുനിന്നുള്ളത് ഘടിപ്പിക്കാനും ഒരുമണിക്കൂറോളം സമയമെടുത്തു.10.30ന് താത്കാലികമായി വൈദ്യുതി പുനഃസ്ഥാപിച്ചു.
ഇതിനിടെ 9.48ന് വീണ്ടും ട്രാൻസ്‌ഫോർമർ ചാർജ് ചെയ്‌തു. ഗോൾഡൻ ജൂബിലി ബ്ലോക്കിലേക്കുള്ള വൈദ്യുതി സാധാരണ നിലയിലായി. പഴയ ബ്ലോക്കിലേക്ക് വൈദ്യുതിയെത്തുന്ന ലൈനിന്റെ എയർ സർക്യൂട്ട് ബ്രേക്കർ (എ.സി.ബി) തകരാറിലായി.
ഇന്നലെ രാവിലെ 7.30ഓടെ എ.സി.ബി തകരാറും പരിഹരിച്ചു.