1

കുളത്തൂർ: തന്ത്രപ്രധാനമായ തുമ്പ വി.എസ്.എസ്.സി റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനു സമീപം കടൽത്തീരത്ത് ഭരണിയുടെ ആകൃതിയിൽ കൂറ്റൻ സിലിണ്ടർ കണ്ടെത്തിയത് ആശങ്ക പരത്തി.വിവിധ സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. കടലിൽ കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ കപ്പലുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറാണ് ഇതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത്തരം സിലിണ്ടറുകളിൽ എയർ നിറച്ച് കപ്പലുകളിൽ ഘടിപ്പിച്ചാണ് ഉപയോഗിക്കുന്നത്.ഏതോ കപ്പലിൽ നിന്ന് വേർപെട്ട് കടലിലൂടെ ഒഴുകി തീരത്ത് അടിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവനന്തപുരം സിറ്റി ഡോഗ് സ്ക്വാഡ്,ആൻഡ് സപ്പോർട്ടന്റ് സ്ക്വാഡ്,എസ്.പിക്ക് കീഴിലുള്ള ബി.ഡി.ഡി.എസ് സ്ക്വാഡ്,കോസ്റ്റൽ പൊലീസ്,വിഴിഞ്ഞം കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങളാണ് പരിശോധിച്ചത്. പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.തുമ്പ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.