
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂരിലെ സ്വർണക്കടത്ത് വിവരം ഇനിമുതൽ കസ്റ്റംസിനെ അറിയിച്ചാൽ പോരേയെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. അതുപോരെന്നും പൊലീസ് പരിശോധനയും സ്വർണം പിടിക്കുന്നതും തുടരണമെന്നും ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്. ഇന്നലെ പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. കരിപ്പൂരിൽ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് സ്വർണക്കടത്ത് പിടികൂടുന്നത് തുടരണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി.അൻവർ ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ വിവാദമായി മാറിയിരിക്കെയാണ് പരിശോധന തുടരാനുള്ള ഡി.ജി.പിയുടെ നിർദ്ദേശം. പിടിച്ചെടുക്കുന്ന സ്വർണത്തിൽ 30%വരെ പൊലീസ് അടിച്ചുമാറ്റുന്നുവെന്നും അൻവർ ആരോപിച്ചിരുന്നു.
സ്വർണക്കടത്തിന് പിന്നിൽ മാഫിയകളാണെന്നും പൊലീസ് സ്വർണം പിടിച്ചില്ലെങ്കിൽ അത് മറ്റു ഗുരുതര കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുമെന്നും ഡി.ജി.പി യോഗത്തിൽ പറഞ്ഞു. വിവരം കിട്ടുന്നതനുസരിച്ച് സ്വർണം പിടിക്കൽ തുടരണം. എന്നാൽ, ചട്ടപ്രകാരമായിരിക്കണം നടപടികളെന്നും നിർദ്ദേശിച്ചു. മുൻപ് നൽകിയ മാർഗ നിർദ്ദേശ പ്രകാരമുള്ള നടപടികൾ തുടരാമെന്നും വ്യക്തമാക്കി. എസ്.പിമാർ മുതൽ മുകളിലോട്ടുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്.
പൊലീസിനും പിടികൂടാം
നേരത്തേ കസ്റ്റംസിന് മാത്രമായിരുന്നു സ്വർണം പിടിക്കാൻ അധികാരം. എന്നാൽ ഐ.പി.സിക്ക് പകരം ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതോടെ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചാലും പൊലീസിന് കേസെടുക്കാം. പ്രതികളെ അറസ്റ്റു ചെയ്യാം
പുതിയ നിയമപ്രകാരം സ്വർണക്കടത്ത് സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. 5 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5ലക്ഷം രൂപ പിഴയുമുള്ള വകുപ്പാണിത്
147.78 കിലോ സ്വർണം
5 വർഷത്തിനിടെ പൊലീസ് പിടിച്ചത്
188 കേസുകൾ
അഞ്ചുവർഷത്തിനിടെ എടുത്തത്
18.1 കിലോ സ്വർണം
ആറുമാസത്തിനിടെ പൊലീസ് പിടിച്ചത്
15 കോടി
6 മാസത്തിനിടെ പിടിച്ച ഹവാല പണം