തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗ് എന്ന വ്യാജേന സൈബർ കുറ്റകൃത്യം നടത്തി പണം കൈക്കലാക്കിയെന്ന കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. കൊല്ലം സ്വദേശി അമർ ഷായ്ക്കാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി 42 ദിവസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്ളാമൂട് സ്വദേശിയുടെ 14.5 ലക്ഷം രൂപയാണ് പ്രതികൾ ഫെബ്രുവരി മാസം തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗ് വഴി പണം ഇരട്ടിയാക്കാമെന്ന് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രതികൾ സുരേഷിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് ഇതിൽ വിശ്വാസം നേടിയ സുരേഷ് പ്രതികൾ പറയുന്നത് അനുസരിച്ചു.പ്രതികൾ അയച്ച ലിങ്കും മൂന്ന് അക്കൗണ്ട് നമ്പരുകളിലായി പണം നിക്ഷേപിച്ചു.ഇതിൽ കൊല്ലത്ത് വെൽഡിംഗ് വർക്ഷോപ്പ് നടത്തിയിരുന്ന അമർ ഷായുടെ അക്കൗണ്ട് നമ്പരുമുണ്ടായിരുന്നു. പൈസയ്ക്ക് അത്യാവശ്യമുള്ള അമർഷായുമായി പ്രതികൾ ബന്ധം പുലർത്തി. അമറിന്റെ അക്കൗണ്ട് നമ്പരിൽ ഒരാൾ അഞ്ച് ലക്ഷം രൂപ അയയ്ക്കുമെന്ന് അത് എടുത്ത് നൽകിയാൽ വൻ തുക കമ്മിഷൻ നൽകാമെന്ന് പറഞ്ഞപ്പോൾ അമർ അത് വിശ്വസിച്ച് പണമെടുത്ത് നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം അമറിലേക്ക് എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം അറിയുന്നത്.