sat

തിരുവനന്തപുരം : മൂന്നു മണിക്കൂർ ഇരുട്ടിലായതിന്റെ ഭീതി ഒഴിയും മുമ്പേ എസ്.എ.ടി ആശുപത്രിയിൽ ഇന്നലെയും ഗുരുതര വീഴ്ച. ഡയാലിസിസും പ്ലാസ്‌മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ഇന്നലെ ഉച്ചയ്ത്ത് 2.15ഓടെയായിരുന്നു സംഭവം.

പീഡിയാട്രിക് നെഫ്രോളജിയിൽ രണ്ട് രോഗികൾക്ക് ഡയാലിസിസും ഒരാൾക്ക് പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴുമണിക്കൂറോളം നീളുന്ന പ്ലാസ്മ മാറ്റിവയ്ക്കൽ ഇതോടെ ഇന്നലെ ഒഴിവാക്കേണ്ടിവന്നു. വൈദ്യുതി സാധാരണനിലയായതോടെ ഡയാലിസിസ് പുനഃരാരംഭിച്ചു. ബന്ധപ്പെട്ട ഡോക്ടർ ആശുപത്രിയിൽ രൂക്ഷമായ രീതിയിയിൽ പ്രതികരിച്ചു. ഞായറാഴ്ച രാത്രി പഴയബ്ലോക്ക് ഇരുട്ടിലാകാൻ കാരണമായ ജനററേറ്റിന്റെ തകരാറ് പരിഹരിച്ച്

പ്രധാന ലൈനിലോട് ചേർക്കുന്ന ജോലിയ്ക്കായി അരമണിക്കൂറോളം വൈദ്യുതി തടസപ്പെടുമെന്ന് രാവിലെ അറിയിപ്പുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ ശേഷം എന്നല്ലാതെ എത്രമണിക്ക് ഓഫാക്കുമെന്ന് കൃത്യമായി വകുപ്പ് മേധാവികളെ ഉൾപ്പെടെ അറിയിക്കേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗമാണ്. എന്നാൽ അറിയിപ്പ് ലഭിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തകരാറിലായ ജനറേറ്ററിന്റെ കോൺടാക്ടർ മാറ്റിയശേഷം ഇത് പ്രധാനലൈനുമായി ഘടിപ്പിക്കണം. എന്നാൽ മാത്രമേ പ്രധാനലൈനിലെ വൈദ്യുതി ബന്ധത്തിൽ തടസം നേരിടുമ്പോൾ ജനറേറ്റൽ ഓട്ടോമാറ്റിക്കായി ഓണാകൂ. മുന്നറിയിപ്പ് നൽകുന്നതിലും മുന്നൊരുക്കം നടത്തുന്നതിലും പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം ഇപ്പോഴും ഗുരുതര അനാസ്ഥ തുടരുന്നതായാണെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.