ht

 മന്ത്രിക്ക് കെ.എസ്.ഇ.ബി റിപ്പോർട്ട് നൽകി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ പരിപാലിക്കുന്നതിൽ പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന് ഗുരുതരവീഴ്ചയെന്ന് കെ.എസ്.ഇ.ബിയുടെ റിപ്പോർട്ട്.

പൊടി പിടിക്കാതെ സൂക്ഷിക്കേണ്ട ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തിയെന്നും ഇതാണ് കഴിഞ്ഞ ദിവസം തുടർച്ചയായി തകരാറുകളുണ്ടാകാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. ഇവയുടെ ദൃശ്യങ്ങൾ സഹിതമാണ് കെ.എസ്.ഇ.ബി വൈദ്യുതി മന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. സംഭവത്തിന് പിന്നാലെ മന്ത്രി കെ.കൃഷ്ണൻകുട്ടി കെ.എസ്.ഇ.ബിയോട് റിപ്പോർട്ട് തേടിയിരുന്നു. ട്രാൻസ്‌ഫോമറിൽ നിന്ന് പഴയ ബ്ലോക്കിലേക്ക് വൈദ്യുതി വിതരണം നടക്കേണ്ട രണ്ടാമത്തെ എച്ച്.ടി പാനലിലെ വി.സി.ബിയാണ് (വാക്വം സർക്യൂട്ട് ബ്രേക്കർ ) ക്ലാവുപിടിച്ചത്.

താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതിനാൽ മഴവെള്ളം ഉപകരണങ്ങൾ കേടുവരാൻ കാരണമായി.

സാങ്കേതികമായ അറിവുള്ളവർ വെള്ളമിറങ്ങുന്ന സാഹചര്യത്തിൽ ഇത്തരം വൈദ്യുത സംവിധാനങ്ങളൊരുക്കില്ല. റിംഗ് മെയിൻ യൂണിറ്റിലെ അറ്റകുറ്റപ്പണിക്ക് ശേഷം ചാർജ് ചെയ്‌തപ്പോൾ ക്ലാവുപിടിച്ചിരുന്ന വി.സി.ബിയാണ് അടിച്ചുപോയത്. ഇത് പരിഹരിക്കുന്നതിനിടെ ജനറേറ്ററിന്റെ കോൺടാക്ടറും കേടായി. വി.സി.ബി നന്നായി പരിപാലിച്ചിരുന്നെങ്കിൽ അറ്റകുറ്റപ്പണിക്ക് ശേഷം കെ.എസ്.ഇ.ബി നിശ്ചയിച്ച വൈകിട്ട് ആറിന് തന്നെ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിക്കാനാകുമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.