യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തി
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി ഇരുട്ടിലായപ്പോൾ ആരംഭിച്ച പ്രതിഷേധം ഇന്നലെയും തുടർന്നു. കോർപറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരാണ് ഇന്നലെ പ്രതിഷേധവുമായെത്തിയത്. മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും യാതന അനുഭവിക്കേണ്ടിവന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ശിവകുമാർ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും,പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് തയ്യാറാകുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
കോർപറേഷനിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് പാർട്ടി ലീഡർ ജോൺസൻ ജോസഫ്,കൗൺസിലർമാരായ ആക്കുളം സുരേഷ്,മേരി പുഷ്പം,സെറാഫിൻ ഫ്രെഡി,മിലാനി പെരേര,ഡി.സി.സി ഭാരവാഹികളായ പാളയം ഉദയൻ,ചെറുവയ്ക്കൽ പത്മകുമാർ,മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ,നജീബ് ബഷീർ,ആശ,ചിത്രാലയം ഹരികുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാത്രി ബി.ജെ.പി പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.
ഭീതി ഒഴിയാതെ രോഗികളും കൂട്ടിരിപ്പുകാരും
തിരുവനന്തപുരം: മൂന്ന് മണിക്കൂർ വൈദ്യുതിയില്ലാതെ നരകിച്ചതിന്റെ ഭീതി അത്യാഹിത വിഭാഗത്തിലും വാർഡുകളിലും അഡ്മിറ്റായവർക്കും കൂട്ടിരിപ്പുകാർക്കും ഇന്നും മാറിയിട്ടില്ല. ഇത്തരം ഗുരുതര സംഭവമുണ്ടായ സാഹചര്യത്തിൽ ഇന്നലെ മുതൽ പുറത്ത് നിൽക്കുന്ന തങ്ങൾക്ക് ഇപ്പോഴും ഭീതിയാണെന്ന് കൂട്ടിരിപ്പുകാരും പറയുന്നു.
കഴിഞ്ഞദിവസം ഇരുട്ടിലായ പഴയ ബ്ലോക്കിൽ പലയിടത്തും ഫോണിന് റേഞ്ചില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യത്തിന് പുറത്തേക്ക് വിളിക്കാനും ഇത് വെല്ലുവിളിയാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള തിരുമല സ്വദേശി അശ്വതി ഞാറാഴ്ച രാത്രിയിലുണ്ടായ ഭീതിയിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല.അശ്വതിയെപ്പോലെ നിരവധി പേർ ഇന്നലത്തെ വൈദ്യുതി മുടക്കത്തിൽ ഇപ്പോഴും ആശങ്കയിലാണ്. കുട്ടികൾക്ക് ഭക്ഷണം നൽകാനും മുലപ്പാൽ നൽകാനും സാധിക്കാതെ നിരവധി അമ്മമാരാണ് പ്രതിസന്ധിയിലായത്. എസ്.എ.ടിയിൽ കൂട്ടിരിപ്പുകാർ ഉൾപ്പെടെയുള്ളവർക്ക് കടുത്ത നിയന്ത്രണമാണ്. പുറത്തെ ഗേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാവലിൽ അടച്ചിടും. ഞായറാഴ്ച രാത്രി വൈദ്യുതി മുടങ്ങിയപ്പോഴുണ്ടായ ഭീതിയിൽ പുറത്ത് വരാൻ ശ്രമിച്ചെങ്കിലും തങ്ങളെ പുറത്തേയ്ക്ക് വിട്ടില്ലെന്ന് രോഗികൾക്കൊപ്പമുള്ളവർ പറഞ്ഞു.