school

രണ്ടു ലക്ഷം കിട്ടി, മുടങ്ങിയ ഗുസ്തിമത്സരം ഇന്ന് നടക്കും

തിരുവനന്തപുരം: പണം അനുവദിക്കാതെ പ്രതിസന്ധിയിലായ റവന്യൂ ജില്ലാ കായികമേളയ്ക്ക് പുത്തൻ ഉണർവ്. മേളയ്ക്കായി രണ്ടുലക്ഷം രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയതോടെ ഇന്നലെ മുടങ്ങിയ ഗുസ്തി മസ്തരങ്ങളുൾപ്പെടെ ഇന്ന് നടക്കും. പണം നൽകാത്തതിനാൽ കായികമേള മുടങ്ങിയതും ഗുസ്തിയ്ക്കായി തയ്യാറെടുത്ത വിദ്യാർത്ഥികൾ പ്രതിസന്ധിയിലായതും കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. പണം ലഭിച്ചതോടെ ഇന്ന് മത്സരങ്ങൾ നടക്കുമെന്ന് വിദ്യാർത്ഥികൾക്ക് അറിയിപ്പും നൽകി. ഈവർഷം റനവ്യൂ ജില്ലാ കായികമേളയ്ക്കാവശ്യമായ 17ലക്ഷത്തിൽ 5ലക്ഷം നേരത്തെ നൽകിയിരുന്നു. ഇതുപയോഗിച്ച് 38 ഇനങ്ങളിൽ 14 ഇനങ്ങൾ നടത്തി. പണം തീർന്നതോടെയാണ് മേള നിറുത്തിവച്ചത്. ശേഷിക്കുന്ന 10ലക്ഷം ഉടൻ അനുവദിക്കാമെന്നും അധികൃതർ റവന്യൂ ജില്ലാ സെക്രട്ടറിക്കുൾപ്പെടെ ഉറപ്പു നൽകി. ഇന്നലെ നിശ്ചയിച്ചിരുന്ന ഗുസ്തി മത്സരത്തിനായി കുട്ടികൾ ക്യാമ്പുകളിൽ തയ്യാറെടുക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് മാറ്റിവച്ചതായി അറിയിപ്പെത്തിയത്. അടുത്തമാസം 7ന് കണ്ണൂരിൽ സംസ്ഥാനതല ഗുസ്തി മത്സരം നടക്കാനിരിക്കെയാണിത്. മത്സരം മാറ്റിവച്ചതോടെ വിദ്യാർത്ഥികളും കോച്ചുമാരും വലഞ്ഞു. ഭാരം നേരിയ അളവിൽ കൂടിയാൽപ്പോലും ഗുസ്തി മത്സരത്തിൽ അയോഗ്യരാകുമെന്നതിനാൽ ഭക്ഷണം പോലും കഴിക്കാതെ ഭാരം നിയന്ത്രിച്ച് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ വലിയ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായത്. കഴിഞ്ഞ രണ്ട് വർഷമായി റവന്യൂ ജില്ലയുടെ കായികമേളയ്ക്കായി ചെലവാകുന്ന പണം പൂർണമായി നൽകാറില്ല. ഇതോടെയാണ് ഇത്തവണ കടംവാങ്ങി കായികമേള നടത്തി, കടത്തിലാകാൻ വയ്യെന്ന് സംഘാടകരും നിലപാടെടുത്തത്.