
അമ്മമാരേ, നമ്മുടെ ഭാഷ നിലനിൽക്കാനായി കുഞ്ഞുങ്ങൾക്ക് മുലപ്പാലും താരാട്ടുപാട്ടും കൊടുക്കണേ. കാർന്നോമ്മാരേ, മനുഷ്യസ്നേഹത്തിന്റെ കണ്ണി അറ്റുപോകാതിരിക്കാൻ കുഞ്ഞുങ്ങൾക്ക് മാവേലിക്കഥയും തുടിയും കൊടുക്കണേ....- 1983 നവംബറിൽ ഗദ്ദിക പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച കെ.ജെ. ബേബിയുടെ 'നാടുഗദ്ദിക" നാടകത്തിന്റെ ഒന്നാം പതിപ്പിന്റെ അവസാനപുറത്തെ വാചകങ്ങളാണിത്.
കീഴാള വർഗത്തിന്റെ വേദനകളും യാതനകളും താളാത്മകമായി പുറത്തു കൊണ്ടുവന്ന കെ.ജെ. ബേബി എന്ന കനവ് ബേബി നൊമ്പരങ്ങൾ ബാക്കിയാക്കി യാത്രയായിരിക്കുന്നു.സാസ്ഥ്യം തേടിയുളള അവസാന യാത്ര. നാടകം, പാട്ട്, നോവൽ, ചലച്ചിത്രം തുടങ്ങി നിരവധി തലങ്ങളിൽ ശ്രദ്ധേയൻ. ഒരുകാലത്ത് കേരളത്തിലും പുറത്തും തെരുവു നാടകങ്ങൾ അവതരിപ്പിച്ച്, ജയിൽവാസം പോലും അനുഭവിക്കേണ്ടി വന്ന കനവ് ബേബിയെ പഴയ തലമുറയ്ക്ക് മറക്കാനാവില്ല.
നാടകങ്ങളായ അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശുമരണം, കീയൂലോകത്തു നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത്, സിനിമയായ ഗുഡ, നോവലുകളായ മാവേലി മന്റം, ബെ സ്പുർക്കാന, ഗുഡ് ബൈ മലബാർ.... എല്ലാം ഈ മനുഷ്യന്റേതാണ്. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്സിറ്റികളിൽ പഠന വിഷയവുമായി. ഈ കൃതികളെല്ലാം പിറന്നത് ഈ മണ്ണിൽ അടിമകളെപ്പോലെ ജീവിച്ച മനുഷ്യർക്കൊപ്പം ബേബിയും ഇഴുകിച്ചേർന്നു ജീവിച്ചതുകൊണ്ടു മാത്രം. നിരോധിക്കപ്പെട്ട നാടകം പഠന വിഷയമായത് ചരിത്ര നിയോഗം.
1920-ൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടയേറിയതാണ് ബേബിയുടെ കുടുംബം. കണ്ണൂരിലെ പേരാവൂരിൽ നിന്നാണ് വയനാട്ടിലേക്കുളള വരവ്. കൊച്ചുപൂവത്തുംമൂട്ടിൽ ജോസഫിന്റെയും വട്ടംതൊടിയിൽ ത്രേസ്യാമ്മയുടെയും മകൻ. ചെറുപ്രായത്തിൽ അപ്പൻ മരണപ്പെട്ടു. ആറുമക്കളെ വളർത്താൻ അമ്മ ചോര നീരാക്കി. മാനന്തവാടി താന്നിക്കലിലായിരുന്നു ആദ്യം താമസം. വയൽപ്പണിക്കു ശേഷം വീടിനു സമീപത്തെ ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ക്രമേണ വീട് സാക്ഷരതാ സെന്ററാക്കി. വലിയവരും അക്ഷരം പഠിക്കാനെത്തി. ആദിവാസികളെ അടുത്തറിഞ്ഞു, മുൻ എം.എൽ.എ എം.വി. രാജൻ മാസ്റ്ററുടെ സഹോദരൻ മാതപ്പെരുമനിൽ നിന്ന് തലമുറകൾക്കു മുമ്പേയുളള ആദിവാസി കഥകൾ ലഭിച്ചു.
മാനന്തവാടിയിൽ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ ബേബിയുടെ 'നാട് എൻ വീട് വയനാട്..." എന്ന പാട്ടെഴുതി. ഈ പാട്ട് ഹിറ്റായി. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടു കാരണം താന്നിക്കലിൽ നിന്ന് താമസം നടവയലിലേക്ക്. നക്സലൈറ്റ് നേതാവ് എ. വർഗീസിനെക്കുറിച്ചും ബേബി അറിഞ്ഞു.
അപർണ എന്ന നാടകം സ്റ്റേജിലെത്തിയതോടെ വലിയ അംഗീകാരമാണ് എങ്ങുനിന്നും ലഭിച്ചത്. നാടകം ചർച്ച ചെയ്യപ്പെട്ടു. മദ്യപാന ശീലം മാറ്റാൻ കോഴിക്കോട്ടെ ധ്യാനകേന്ദ്രത്തിലേക്കു പോയ ബേബി തിരിച്ചെത്തിയത് ബിപ്ലവദാസ് ഗുപ്തയുടെ 'നക്സലൈറ്റ് പ്രസ്ഥാനം എന്ത്, എന്തിന്" എന്ന പുസ്തകവുമായാണ്.
ഗൂഡല്ലൂരിൽ കുടിയിറക്കിന്റെ പേരിൽ മലയാളി കർഷകനായ ളൂയിസ് ആത്മാഹുതി ചെയ്ത സംഭവം ബേബിയെ വല്ലാതെ തളർത്തി. നടവയലിലെ ഒരു കലാകാരനായിരുന്നു ളൂയിസ്. ഇതുമായി ബന്ധപ്പെട്ടും ബേബി നാടകമെഴുതി. അതിനു ശേഷമാണ് അടിയോരുടെ ആചാരത്തെ അടിസ്ഥാനമാക്കി 'നാടുഗദ്ദിക" എന്ന നാടകം എഴുതുന്നത്. നാട്ടിലെ മൊത്തം രോഗങ്ങൾ മാറ്റാനായി ആണ്ടിലൊരിക്കൽ വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്നതാണ് നാടുഴിച്ചൽ അല്ലെങ്കിൽ 'നാടുഗദ്ദിക." 1981-ൽ നായനാർ മുഖ്യമന്ത്രിയായിരിക്കെ കോഴിക്കോട് മുതലക്കുളത്തു വച്ച് ബേബിയടക്കം 21 പേരുളള ട്രൂപ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. നാടകം നിരോധിച്ചു.
മൂന്നു മാസം ജയിൽവാസം. ആ കേസ് മൂന്നു വർഷം നീണ്ടു. ഒടുവിൽ കോടതി ഇവരെ വെറുതെ വിട്ടു. എസ്. എസ്.എൽ.സിവരെ മാത്രം വിദ്യാഭ്യാസമുളള ബേബി മൈസൂർ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഡിഗ്രിയെടുത്തു. സിനിമാ സംബന്ധമായ കോഴ്സിൽ ചേരാൻ വേണ്ടിയായിരുന്നു ഇത്. ഡൽഹിയിൽ സെന്റിറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് കാമറ, ശബ്ദലേഖനം, എഡിറ്റിംഗ്, മിക്സിംഗ്... അങ്ങനെ എല്ലാം പഠിച്ചു. സ്വന്തമായി സിനിമയെടുക്കണമെന്ന മോഹവുമായി ജോൺ അബ്രഹാമുമായി ചങ്ങാത്തംകൂടി. കണ്ണൂരിൽ പോയി തെയ്യത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കി.
രമണ മഹർഷിയെ അറിയണമെന്ന് ബേബിക്ക് അതിയായ ആഗ്രഹം. തിരുവണ്ണാമലയിലെ അരുണഗിരിയിൽ സ്‌കന്ദാശ്രമത്തിൽ സന്യാസിമാർക്കും ഭിക്ഷാടകർക്കുമിടയിലും ബേബി രണ്ടുവർഷം ജീവിച്ചു. ശ്രീനാരായണ ഗുരുദേവൻ രമണ മഹർഷിയെ ഇവിടെ വന്ന് കണ്ടിട്ടുണ്ട്. തനിച്ചും കുടുംബവുമൊത്തും ബേബി നിരവധി യാത്രകൾ ചെയ്തു. ഗുജറാത്തിലെ ഗീർവനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. 'മാവേലിമന്റം" നാടകം ബംഗളൂരുവിൽ അവതരിപ്പിക്കുമ്പോൾ മേധാപട്കറെ പരിചയപ്പെട്ടു. മഹാരാഷ്ട്രയിലെ മണബേലിയിൽ നാടകം കളിക്കാൻ മേധ ആവശ്യപ്പെട്ടു. നാടകം തരംഗമായി. പിന്നെ മദ്ധ്യപ്രദേശിൽ പോയി ബാബാ ആംതെയെ കണ്ടു. നാടകം നർമ്മദയുടെ തീരങ്ങളിൽ ജനഹൃദയങ്ങളെ കീഴടക്കി. തിരികെവന്നാണ് നടവയലിൽ 'കനവ്" തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങുന്നത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബേബി പുൽപ്പളളി പഴശ്ശിരാജാ കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപിക ഷേർളിയെ വിവാഹം കഴച്ചത്. ശാന്തിപ്രിയ, ഗീതിപ്രിയ എന്നീ രണ്ടു കുട്ടികൾ. ഇവർക്കാർക്കും ബേബി പളളിയിൽ പോയി മാമോദീസ മുക്കിയില്ല. രജിസ്റ്റർ പോലും ചെയ്യാതെ അവർക്ക് ഇഷ്ടമുളളവരുടെ കൂടെ പോകാൻ സ്വാതന്ത്ര്യം നൽകി. കനവിലെ ആദിവാസികൾക്കൊപ്പം പഠിച്ചു വളർന്നവരാണ് കുട്ടികൾ രണ്ടും. ബേബി എന്ന മഴ ഇപ്പോൾ തോർന്നിരിക്കുന്നു. എങ്കിലും, വയനാട്ടിലെ കാടിന്റെ മക്കളുടെ ജീവിതങ്ങൾക്കു മീതെ ആ മഴ തോരാതെ പെയ്തുകോണ്ടേയിരിക്കും.