സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തെതുടർന്ന് വാഴകൃഷി വ്യാപകമായി നശിച്ചതോടെ നേന്ത്രക്കായയുടെ വിളവ് കുറഞ്ഞു. കഴിഞ്ഞ മാസം വിലയിൽ വൻ വർദ്ധനവുണ്ടായെങ്കിലും ഓണ വിപണിയിൽ അന്യസംസ്ഥാന പച്ചക്കായ എത്തിയതോടെ നാടൻ പച്ചക്കായയുടെ വില കുത്തനെ ഇടിഞ്ഞു. കർഷകർ ഉത്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന നേന്ത്രക്കായ്ക്ക് കഴിഞ്ഞ മാസം പകുതിവരെയായി 40 മുതൽ 50 രൂപ വരെയായിരുന്നു വില കിട്ടിയിരുന്നത്. അതേസമയം മാർക്കറ്റുകളിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങുന്ന പഴത്തിന് 70 രൂപ മുതൽ 90 രൂപവരെയായി വില ഉയർന്നു. എന്നാൽ പച്ചക്കായുടെ വില അനുദിനം ക്രമാതീതമായി കുറഞ്ഞ് 25 രൂപയിലെത്തി.
കർഷകർ ഉത്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന കായയ്ക്ക് ലഭിക്കുന്നത് കിലോയ്ക്ക് 25 രൂപയാണ്. ഇതേ കായ കടക്കാർ ഉപഭോക്താക്കൾക്ക് നൽകുന്നതാകട്ടെ കിലോയ്ക്ക് 47 രൂപ തോതിലും. ഓണവിപണി മുന്നിൽ കണ്ട് കൃഷിയിറക്കുകയും കാലാവസ്ഥാവ്യതിയാനത്തെ അതിജീവിച്ച് വിള സംരക്ഷിച്ചുവരികയും ചെയ്ത കർഷകർ ഓണവിപണിയിൽ നല്ല വില കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ ഇരുട്ടടി.
നേന്ത്രക്കായയ്ക്ക് ഏറ്റവുമധികം വില ഉയരേണ്ട സമയമാണ് ഓണസീസൺ .ഇപ്പോഴുണ്ടായ വിലയിടിവ് കർഷകരെ വൻ സാമ്പത്തിക പ്രതിസന്ധിയിലെക്കെത്തിക്കും. ശക്തമായ മഴയിലും കാറ്റിൽ നിന്നും വഴകളെ സംരക്ഷിക്കുന്നതിന് തന്നെ വൻ സാമ്പത്തിക ചെലവാണ് കർഷകർക്കുണ്ടായത്. നേന്ത്രക്കായയ്ക്ക് വില വർദ്ധനവ് ഉണ്ടായപ്പോൾതന്നെ കർഷകർ ഏറെ സന്തോഷിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നേന്ത്രക്കായയ്ക്ക് കിലോവിന് 30-35 രൂപയെങ്കിലും കിട്ടിയെങ്കിൽ മാത്രമേ ചെലവായ തുകയെങ്കിലും കിട്ടുകയുള്ളു. കഴിഞ്ഞ വർഷം ഈ സമയത്ത് 42 മുതൽ 45 രൂപ വരെ ലഭിച്ചിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കായയുടെ വരവും, പ്രകൃതി ദുരന്തത്തെ തുടർന്ന് ആഘോഷപരിപാടികൾ ഒഴിവാക്കിയതും വിപണിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. നേന്ത്രക്കുലയ്ക്ക് തറവില കിലേയ്ക്ക് മുപ്പത് രൂപയായി നിശ്ചയിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.