
തൃശ്ശിലേരി (വയനാട്): വയനാട്ടിലെ കീഴാളചരിത്രം എഴുത്തിലൂടെയും നാടകത്തിലൂടെയും ലോകത്തേക്കെത്തിച്ച എഴുത്തുകാരനും സിനിമ, നാടക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി, 70) കനലോർമ്മയായി. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിലെ ശാന്തികവാടത്തിലെ വൈദ്യുതി ശ്മശാനത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു സംസ്‌കാരം.
ബേബിയുടെ അന്ത്യയാത്രയ്‌ക്ക് സാക്ഷിയാകാൻ സിവിക് ചന്ദ്രനുൾപ്പെടെ ബേബിയെ സ്നേഹിക്കുന്ന ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ശാന്തികവാടത്തിലെത്തി. ബാവുൾ ഗായിക കൂടിയായ മകൾ ശാന്തിപ്രിയ ഭജൻ ആലപിച്ചതോടെ ബേബിയെ തീ നാളങ്ങൾ ഏറ്റുവാങ്ങി. തൃശ്ശിലേരിയിലെ ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നഭ്യർത്ഥിച്ച് ബേബി കുറിപ്പെഴുതി വച്ചിരുന്നു. സംസ്‌കരിച്ച ശേഷം മക്കൾക്ക് താത്പര്യമുണ്ടെങ്കിൽ ചിതാഭസ്മം കബനിയിൽ നിമജ്ജനം ചെയ്യണമെന്നും കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ പത്തിന് മൃതദേഹം നടവയലിലെ കോ-ഓപ്പറേറ്റീവ് കോളേജിൽ പൊതുദർശനത്തിനെത്തിച്ചു. പന്ത്രണ്ടു വരെയായിരുന്നു പൊതുദർശനം. തുടർന്നാണ് മാനന്തവാടി വഴി തൃശ്ശിലേരിയിലെ ശാന്തികവാടത്തിലെത്തിയത്. ചിതാഭസ്മം ഇന്ന് ശാന്തികവാടത്തിലെത്തി ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് കിഴക്കോട്ടൊഴുകുന്ന കബനിയിൽ ഒഴുക്കും.