
മേപ്പാടി: ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നിന്നുള്ള 607 കുട്ടികൾ വീണ്ടും സ്കൂളിലെത്തി. ദുരന്തത്തിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്.എസ് (546 കുട്ടികൾ) മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലും മുണ്ടക്കൈ ജി.എൽ.പി.എസ് (61 കുട്ടികൾ) മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുന്നത്. പുനഃപ്രവേശനോത്സവം മേപ്പാടി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വർണബലൂണുകളും കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളും പഠനക്കിറ്റുകളും നൽകി വിദ്യാർത്ഥികളെ വരവേറ്റു.
നവീന സൗകര്യങ്ങളോടെ വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകൾ പുനർനിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട സ്‌കൂൾ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുൾപ്പെടുത്തി വീണ്ടെടുക്കും. വെള്ളാർമല സ്‌കൂൾ സ്മാരകമായി നിലനിറുത്തും. കുട്ടികൾക്ക് നഷ്ടപ്പെട്ട പഠനദിനങ്ങൾ അധികസമയ പഠനത്തിലൂടെ പരിഹരിക്കും.
മേപ്പാടി സ്‌കൂളിൽ അധിക സൗകര്യത്തിനായി ബിൽഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ നിർമ്മിക്കുന്ന 12 ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അനാഛാദനം ചെയ്തു. ദുരന്തത്തിൽ നഷ്ടപ്പെട്ട എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളെ എത്തിച്ചത് ബസുകളിൽ
ചൂരൽമലയിൽ നിന്ന് മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലാണ് പുനഃപ്രവേശനോത്സവത്തിനായി കുട്ടികളെ മേപ്പാടിയിൽ എത്തിച്ചത്. യാത്രയ്ക്കിടയിൽ കുട്ടികൾ നാടൻ പാട്ടുകൾ പാടി. മേപ്പാടിയിൽ മന്ത്രിമാരടക്കം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയിലായിരുന്നു കുട്ടികളെ ക്ളാസ് മുറികളിലേക്ക് ആനയിച്ചത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ
ഡോക്ടർമാരുടെ പ്രാക്ടീസിന് വിലക്ക്
വാടക കെട്ടിടത്തിൽ പ്രാക്ടീസിന് അനുവാദം
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ജോലി ചെയ്യുന്ന ആശുപത്രിയുടെ ഒരു കിലോമീറ്റർ പരിധിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് വിലക്ക്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശയിൽ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി.
സ്ഥിരം വീടോ ക്വാർട്ടേഴ്സോ ഒരു കിലോമീറ്റർ ചുറ്റളവിലാണെങ്കിൽ ഇളവുണ്ട്. ലാബുകൾ,സ്കാനിംഗ് കേന്ദ്രങ്ങൾ,ഫാർമസികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിർമ്മിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ല. അതേസമയം വാടക കെട്ടിടങ്ങളിൽ പ്രാക്ടീസ് നടത്തരുതെന്ന നിബന്ധന ഒഴിവാക്കി. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നും നിർദ്ദേശമുണ്ട്.
സ്വകാര്യ പ്രാക്ടീസ്,യോഗ്യത എന്നിവയെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുകയോ പരസ്യം നൽകുകയോ ചെയ്യരുത്. രോഗനിർണയത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗവും പരമാവധി കുറയ്ക്കണമെന്നാണ് നിർദ്ദേശം. അതേസമയം സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായി ചികിത്സ നൽകുന്നവർക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ യാതൊരു സേവനവും ലഭ്യമാക്കരുതെന്നും പുതിയ മാർഗനിർദ്ദേശത്തിലുണ്ട്.
എന്നാൽ ഗൈനക്കോളജിസ്റ്റുമാരും സർജന്മാരും തുടർചികിത്സ ആവശ്യമെങ്കിൽ ജോലി ചെയ്യുന്ന ആശുപത്രികളിലെ ഒ.പിയിലേക്ക് വരാൻ പറയും, ഇത് പാടില്ലെന്നത് രോഗികളുടെ തുടർചികിത്സ പ്രതിസന്ധിയിലാക്കുമെന്ന് കേരള ഗവ.സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.