
സുൽത്താൻ ബത്തേരി: ഓണക്കാലമായതോടെ വയനാട്ടിലെ ടൂറിസംകേന്ദ്രങ്ങൾ സജീവമായി തുടങ്ങി. മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് വിദേശികളടക്കമുള്ള സഞ്ചാരികൾ എത്തിത്തുടങ്ങിയത്.
ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ജർമ്മനിയിൽ നിന്ന് വയനാട്ടിലെത്തിയ നാലംഗസംഘം എടക്കൽ ഗുഹയും റിപ്പൺ ടീ ഫാക്ടറിയും സന്ദർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിദേശികളുടെ സംഘം ജില്ലയിലെത്തുമെന്ന് ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം വയനാടൻ ടൂറിസം വീണ്ടും ലോകശ്രദ്ധയിലേക്ക് ഉയരുകയാണ്.
കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ അയർലന്റ്, യു.കെ, ജർമൻ സ്വദേശികൾ എടൽഗുഹ, റിപ്പൺ ടീ ഫാക്ടറി എന്നിവിടങ്ങളും ഗ്രാമങ്ങളും സന്ദർശിച്ചു.
വയനാട് നേച്ചർ ടൂർസിലെ പരിചയസമ്പന്നനായ സാബു അബ്രഹാമാണ് വിദേശികൾക്ക് വഴികാട്ടിയത്.