janu-1
നിള അക്കാഡമിയിൽ ജാനുവിനെ ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഷാന

തിരുനെല്ലി: ഒപ്പിനുപകരം വിരലടയാളം നൽകുന്നവർ ഇപ്പോഴുമുണ്ട്. പിന്നെങ്ങനെയാണ് കേരളം സമ്പൂർണ സാക്ഷരതയിലേക്ക് എത്തുക? വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരെ സമീപിച്ചാൽ അറിയാനാവും ഈ പോരായ്മ. ഒരുകാലത്ത് എഴുത്തും വായനയും അറിയാത്തവരുടെ കൂട്ടത്തിലായിരുന്നു തൃശ്ശിലേരി ചേക്കോട് കോളനിയിൽ കരിയന്റെയും വെളിച്ചിയുടെയും മകൾ സി.കെ.ജാനുവും. എഴുത്തുപഠിച്ച ജാനു ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ വരെ പ്രസംഗിച്ചു. മറ്റു രാജ്യങ്ങളിലും ജാനു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പല ഭാഷകൾ പഠിച്ചു. ഇംഗ്ളീഷിൽ കുറേക്കൂടി പരിജ്ഞാനം വേണം. അതിനായി മാനന്തവാടി നിള അക്കാഡമിയിൽ പഠിക്കുകയാണ്. ഷാനയാണ് അദ്ധ്യാപിക.

ജാനുവിന്റെ വാക്കുകൾ കേൾക്കാം:

എല്ലാവരും സ്കൂളിൽ പോകുമ്പോൾ ജന്മിയുടെ പാടത്ത് കാവലിരിക്കുയായിരുന്നു ‌ഞാൻ. ആറു വയസായപ്പോൾ ജന്മിയുടെ കന്നുകാലികളെ മേക്കലും തുടങ്ങി. അനുജൻ അജിത്തിനെ തൃശ്ശിലേരി ഗവ.യു.പി സ്കൂളിൽ ചേർത്തത് ഞാനാണ്. അനിയത്തി മുത്തയെ ഹോസ്റ്റലിലുമാക്കി. ചേച്ചി ശാന്തയും സഹോദരൻ രാജുവും ഞാനും സ്കൂളിൽ പോയില്ല.

മുഖ്യധാരയിലേക്ക് വന്നത്?

പതിനഞ്ചാമത്തെ വയസിൽ സി.പി.എം ബ്രാഞ്ച് മെമ്പറായി. പിന്നെ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാക്കമ്മിറ്റി മെമ്പറുമായി. പാർട്ടി പരിപാടികളിലൊക്കെ പോകും. ആദിവാസി കോളനികളിൽ കയറിയിറങ്ങി അവരുടെ ജീവിതം പഠിച്ചു.

അക്ഷരം പഠിച്ചത്?

അനുജൻ വീട്ടിൽ വന്ന് അക്ഷരങ്ങൾ പറഞ്ഞുതരുമായിരുന്നു. കാൻഫെഡിന്റെ നേതൃത്വത്തിൽ പഠനക്ളാസിൽ പോകാൻ തുടങ്ങി. പിന്നെ സോളിഡാരിറ്റി എന്ന സംഘടനയുടെ ഭാഗമായി.1987ൽ കാട്ടിക്കുളത്ത് നടന്ന സാക്ഷരതാപരിപാടിയിൽ ആദ്യമായി മൈക്കിനു മുന്നിലെത്തി. ഒരു മണിക്കൂർ നീണ്ട പ്രസംഗം. എല്ലാവരും കൈയടിച്ചു. അക്ഷരങ്ങൾ വശത്താക്കിയ എന്നെ സാക്ഷരത ഇൻസ്ട്രക്ടറാക്കി.

ജീവിതം എങ്ങനെ?

54 വയസായി. എനിക്ക് പ്രേമിക്കാൻ അറിയില്ലായിരുന്നു.അതുകൊണ്ട് വിവാഹവും വേണ്ടെന്നുവച്ചു. 2016 ജനുവരി അഞ്ചിന് ഛത്തീസ്ഗഢിൽ നിന്ന് മൂന്ന് വയസുളള ഒരു മകളെ ദത്തെടുത്തു. ജാനകി സി.കെ. എന്ന് പേരുമിട്ടു. ഇന്ന് അവളാണെന്റെ എല്ലാം. കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനി. മിടുക്കിയാണവൾ.