teacher
പ്രധാനാദ്ധ്യാപകർ

കൽപ്പറ്റ: വയനാട് ജില്ലയിലെ 25 സർക്കാർ ഹൈസ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരുടെ കസേര ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 4 മാസം. അദ്ധ്യയന വർഷം തുടങ്ങി സ്‌കൂളുകൾ ഓണാവധിക്ക് അടക്കാറായിട്ടും പ്രധാനാദ്ധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിനായില്ല. സ്ഥാപന മേധാവിയില്ലാത്തതിനാൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, അദ്ധ്യാപകരുടെ ക്ലാസ്‌തല പരിശോധന, വിദ്യാഭ്യാസ ഗുണനിലവാര പ്രവർത്തനങ്ങൾ, വിവിധ മേളകൾ, അദ്ധ്യാപക- അദ്ധ്യാപകേതര ജീവനക്കാരുടെ സേവന-വേതന വിഷയങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.

ജില്ലയിൽ 62 സർക്കാർ ഹൈസ്‌കൂളുകളാണ് ഉള്ളത്. അതിൽ 25 സ്‌കൂളുകളിലാണ് മേയ് മാസം മുതൽ പ്രധാനാദ്ധ്യാപക തസ്തിക ഒഴിഞ്ഞ് കിടക്കുന്നത്. വിരമിക്കൽ, സ്ഥലം മാറ്റം തുടങ്ങിയവയിലൂടെയാണ് ഇത്രയധികം തസ്തികകൾ പൊടുന്നനെ ഒഴിവ് വന്നത്. പുതിയ നിയമനം നടക്കാതായതോടെ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ഹൈസ്‌കൂൾ സീനിയർ അദ്ധ്യാപകർ കടുത്ത നിരാശയിലാണ്. സ്ഥാപന മേധാവികളായി സ്ഥാനക്കയറ്റത്തിന് അർഹരായ അദ്ധ്യാപകരെ അതത് അദ്ധ്യയന വർഷത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ കണ്ടെത്തി നടപടികൾ പൂർത്തിയാക്കി ഏപ്രിൽ,മേയ് മാസങ്ങളിൽ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജൂൺ മാസം സ്‌കൂൾ തുറക്കുന്നതിന് മുമ്പെ ഒരുക്കങ്ങൾ പുതിയ പ്രധാനാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കാനും സ്‌കൂൾ പ്രവേശനോത്സവമടക്കം നടത്താനുമാണ് വേനലവധിക്കാലത്ത് നിയമനം പൂർത്തിയാക്കുന്നത്. എം.എ.ഖാദർ ചെയർമാനായ വിദഗ്ദ്ധസമിതി റിപ്പോർട്ടിലും ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്. കീഴ്വഴക്കങ്ങളും സമിതി റിപ്പോർട്ടുകളും പാലിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുന്നത്. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി പരീക്ഷയിലടക്കം സംസ്ഥാനത്ത് വയനാട് ജില്ല ഏറ്റവും പിന്നിലാണ്. കഴിഞ്ഞ വർഷമടക്കം കൂടുതൽ കുട്ടികൾ തുടർപഠനത്തിന് യോഗ്യരാവാതെ പോയത് സർക്കാർ സ്‌കൂളുകളിൽ നിന്നായിരുന്നു. ഇക്കാരണത്താൽ സർക്കാർ ഹൈസ്‌കുളുകളിൽ കുട്ടികളുടെ പ്രവേശനം ഗണ്യമായി കുറഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങൾക്ക് നേതൃത്വവും ഏകോപനവും നൽകേണ്ട പ്രധാനാദ്ധ്യാപകർ ഇല്ലാതെയാണ് ജില്ലയിലെ ഹൈസ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം ഉന്നത തസ്തിക ഒരുമിച്ച് ഒഴിഞ്ഞ്കിടക്കുന്നത്.