ayisha
മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്തയുടെ നേതൃത്വത്തിൽ ആയിഷയെ വീട്ടിലേക്ക് യാത്രയാക്കുന്നു.

മേപ്പാടി: ഉരുൾപൊട്ടലിൽ പരിക്കേറ്റ അറുപത്തിയൊമ്പതുകാരി ആയിഷയ്ക്ക് ഇത് പുനർജന്മം. ഐ.സി.യുവിലും വാർഡിലുമായി നീണ്ട 46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം അവർ ഇന്നലെ വീട്ടിലേക്ക് മടങ്ങി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആയിഷ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ജൂലായ് 30നാണ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തുന്നത്. വാരിയെല്ലുകൾക്കുണ്ടായ പൊട്ടലും അതുമൂലം ശ്വാസകോശത്തിനുണ്ടായ പരിക്കും അന്നനാളത്തിനുണ്ടായ ദ്വാരവും വലത് കൈയിലെ പൊട്ടലും ആരോഗ്യനില വഷളാക്കിയിരുന്നു. ജനറൽ സർജറി, അസ്ഥിരോഗം, ഇ. എൻ.ടി, ശ്വാസകോശരോഗം തുടങ്ങിയ വിഭാഗങ്ങളുടെ കൂട്ടായ ശ്രമമാണ് ആയിഷയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ആദ്യഘട്ടത്തിൽ പല തവണ അവസ്ഥ മോശമായെങ്കിലും പതുക്കെ മരുന്നുകളോട് പ്രതികരിച്ചു. സാവധാനം സാധാരണ ജീവിതത്തിലേക്ക്. ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒമ്പതുപേരെയാണ് ആയിഷയ്ക്ക് നഷ്ടമായത്. ആയിഷയെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും സന്തോഷത്തോടെ വീട്ടിലേക്ക് യാത്രയാക്കി. ഡീൻ ഡോ. ഗോപകുമാരൻ കർത്ത പൂച്ചെണ്ട് നൽകി. അസ്ഥിരോഗ വിഭാഗം മേധാവി ഡോ.പ്രഭു.ഇ, അസോ.പ്രൊഫസർ ഡോ. ഡിനോ എം ജോയ്, ജനറൽ സർജറി വിഭാഗം മേധാവി ഡോ.വിനോദ് പ്രേം സിംഗ്, അസി. പ്രൊഫസർ ഡോ. അശ്വതി കനി, ഡി.ജി.എമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവരും യാത്രയയപ്പിൽ പങ്കെടുത്തു.