
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉറ്റബന്ധുക്കളെയും പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കരുത്തുപകർന്ന് ജെൻസന്റെ അച്ഛൻ ജയൻ. മകന്റെ സംസ്കാരച്ചടങ്ങിന്റെ തൊട്ടടുത്ത ദിവസമായ ഇന്നലെ ശ്രുതിയെ തേടി അദ്ദേഹം കൽപ്പറ്റ ലിയോ ഹോസ്പിറ്റലിലെത്തി. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിയുടെ രണ്ട് കാലുകളിലും ശസ്ത്രക്രിയ നടത്തിയിരുന്നു.
ശ്രുതി തനിച്ചാകില്ല. അവൾ ഇപ്പോൾ തന്റെ മകളാണ്. അവളുടെ ഏത് ആഗ്രഹവും സാധിച്ചു നൽകുമെന്നും ജയൻ പറഞ്ഞു. വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളോട് ശ്രുതി പതുക്കെ പൊരുത്തപ്പെട്ട് വരുന്നുണ്ട്. അവളുടെ കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും. ഉരുൾപൊട്ടൽ ദുരന്തശേഷം
ജെൻസന് അവളുടെ കാര്യത്തിൽ മാത്രമായിരുന്നു ആശങ്ക. ഒരു നിമിഷംപോലും അവളെ ഒറ്റയ്ക്കാക്കാതെ അവൻ കൂടെയുണ്ടായിരുന്നു. ഇനി ശ്രുതിക്ക് സ്ഥിരംജോലിയും വീടും വേണം. ശ്രുതിക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജയൻ ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിന്റെ സ്വയംഭരണ പദവി പുതുക്കിയില്ല
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ സ്വയംഭരണ പദവി 2021മുതൽ നഷ്ടമായതിനാൽ ബിരുദം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും എം.ജി സർവകലാശാല വി.സിക്കും നിവേദനം നൽകി. 2014ൽ ലഭിച്ച സ്വയംഭരണ പദവി 2020 വരെയാണ് യു.ജി.സി നൽകിയത്. 2021ന് ശേഷം പുതുക്കിയിട്ടില്ല. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എം.ജി യൂണിവേഴ്സിറ്റി ബിരുദങ്ങൾ നൽകുന്നത് അസാധുവാകാനിടയാക്കും. സ്വയംഭരണ പദവിയുടെ മറവിൽ കോളേജ് പ്രവേശനത്തിലും പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കൃത്രിമം നടക്കുന്നതായും ആരോപണമുണ്ട്. കോളേജ് പ്രിൻസിപ്പൽ എം.ജി വാഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായിരുന്നിട്ടും, കോളേജിന്റെ അംഗീകാരം പുതുക്കാനും യു.ജി.സിയോട് കോളേജ് പരിശോധനയ്ക്ക് ആവശ്യപ്പെടാനും നടപടികളില്ല. സ്വയംഭരണ പദവി നഷ്ടപെട്ട സാഹചര്യത്തിൽ മഹാരാജാസ് കോളേജിനെ എം.ജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റണമെന്നും 2021 ന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനഃ പരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിന്റെ സ്വയംഭരണ പദവി ഇല്ലാതായിട്ടില്ല. സ്വയംഭരണ പദവി പുതുക്കുന്നത് സംബന്ധിച്ച നടപടികൾ യു.ജി.സി തലത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. മഹാരാജാസ് ഇപ്പോഴും ഓട്ടോണമസ് കോളേജ് തന്നെയാണ്.
ഡോ. ഷജില ബീവി
പ്രിൻസിപ്പൽ
മഹാരാജാസ് കോളേജ്