choor

കൊച്ചി: ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് ചൂരൽമലയിലെ കുട്ടികൾ. തിരുവോണ ദിനത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്.സിയും തമ്മിലുള്ള മത്സരത്തിലാണ് താരങ്ങളെ കൈപിടിച്ച് കുട്ടികൾ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.
വയനാടിലെ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചെത്തിയ കുട്ടികൾക്ക് ഉജ്ജ്വല വരവേല്പാണ് കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലൊരുക്കിയത്. ജീവിതത്തിലെ വലിയൊരു സുവർണാവസരമായാണ് സ്വീകരണത്തെ കാണുന്നതെന്ന് കുട്ടികൾ പറഞ്ഞു.
ഐ.എസ്.എൽ മാനേജ്‌മെന്റും സംഘടനകളുംചേർന്നാണ് കുട്ടികൾക്ക് മാനസികമായി കരുത്തുപകരാനായി സ്വീകരണം ഒരുക്കിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ദുരന്തബാധിതർക്ക് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി.

ഞായറാഴ്ച പുലർച്ചെ എറണാകുളത്തെത്തിയ കുട്ടികൾക്ക് സ്വകാര്യ ഹോട്ടലിൽ സ്വീകരണം ഒരുക്കി‌. ഉച്ചയ്ക്ക് ഐ.എസ്.എൽ മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം ഓണസദ്യയും ഒരുക്കി. ഫുട്‌ബാൾ നൽകിയിരുന്നു കുട്ടികൾക്ക് സ്വീകരണം നൽകിയത്.
ഫുട്‌ബാളിൽ പ്രാഥമിക പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കൊച്ചി മെട്രോ, ലുലു മാൾ എന്നിവിടങ്ങളും കുട്ടികൾ സന്ദർശിച്ചു.

എംഇഎസ് സംസ്ഥാന കമ്മിറ്റിയാണ് കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കിയത്. വൈകിട്ട് അഞ്ചിന് കുട്ടികളെ പ്രത്യേക ബസിൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി. ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞാണ് കുട്ടികൾ താരങ്ങളെ കൈപിടിച്ച് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. രക്ഷിതാക്കളും സ്റ്റേഡിയത്തിൽ അഭിമാനമുഹൂർത്തത്തിന് സാക്ഷിയാകാനായിനെത്തി. വലിയ ദുരന്തത്തെ തുടർന്നാണെങ്കിലും കുട്ടികൾക്ക് ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കുന്നത് മാനസികമായ കരുത്ത്‌ നേടുന്നതിന് സഹായമാകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. പവലിയനിൽ ഇരുന്ന് കളി കാണാനും കുട്ടികൾക്ക് അവസരം ഒരുക്കി. ഗ്യാലറിയിൽ വയനാടിനോടൊപ്പം എന്ന് വ്യക്തമാക്കുന്ന വലിയ ബാനറും ഉയർത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗും വയനാടിനെചേർത്തുപിടിക്കുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിൽ കണ്ടത്. 35 കുട്ടികളും രക്ഷിതാക്കളുമാണ് കൊച്ചിയിൽ എത്തിയത്.