
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സംഗമം ഒരുക്കി സി.പി.എം കൽപ്പറ്റ ഏരിയാ കമ്മിറ്റി. ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത ഓരോ ആളുടെയും ഇരിപ്പിടത്തിലെത്തി മന്ത്രി പ്രശ്നങ്ങൾകേട്ടു. പുനരധിവാസത്തിലെ ആശങ്കയാണ് ഭൂരിഭാഗംപേരും പങ്കുവച്ചത്. തങ്ങൾക്ക് മേപ്പാടിയിൽ തന്നെ ഒരുമിച്ച് കഴിയാനുള്ള അവസരം ഒരുക്കണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിക്കാത്തതിലുള്ള പരാതിയും ചിലർ പങ്കുവച്ചു. ഇടപെടാവുന്ന വിഷയങ്ങൾ അപ്പോൾ തന്നെ മന്ത്രി പരിഹരിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിനതീതമായി പരിപാടിയിൽ എല്ലാവരും പങ്കെടുത്തു. തങ്ങൾ അനുഭവിച്ച ദുരന്തം വിവരിക്കുമ്പോൾ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ദുരന്തബാധിതരുടെ കൂടി അഭിപ്രായങ്ങൾ മാനിച്ചാകും പുനരധിവാസമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വലിയ ദുരന്തത്തെയാണ് നേരിട്ടത്. പലർക്കും ഉണ്ടായ നഷ്ടങ്ങൾക്ക് പകരം നൽകാൻ സർക്കാരിന് കഴിയില്ല. എന്നാൽ ആരെയും സർക്കാർ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു.
കെ. എം. ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ചടങ്ങിൽ പങ്കെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാന സമിതി അംഗം സി.കെ. ശശീന്ദ്രൻ ,കൽപ്പറ്റ ഏരിയാ സെക്രട്ടറി വി.ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാരിനെതിരെ ഇരുതല മൂർച്ചയുള്ള
ആയുധപ്രയോഗം: മന്ത്രി റിയാസ്
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ നടക്കുന്നത് ഇരുതല മൂർച്ചയുള്ള ആയുധ പ്രയോഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാരിന്റെ വിശ്വാസ്യത തകർക്കാൻ കള്ള പ്രചാരണം നടത്തുകയാണ്. ആരാണ് ഇതിന്റെ ഗുണഭോക്താക്കളെന്ന് എല്ലാവർക്കും അറിയാം.
കേന്ദ്രസഹായം ലഭിക്കാത്തത് ജനങ്ങളിൽ ചർച്ചയാകുന്നുണ്ട്. ദുരന്തം നടന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിച്ചതാണ്. കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് മുടക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. എസ്റ്റിമേറ്റ് തുകയാണ് ചെലവഴിച്ച തുക എന്ന തരത്തിൽ മാദ്ധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. സംസ്ഥാന സർക്കാർ നൽകിയ മെമ്മോറാണ്ടത്തിന്റെ പകർപ്പാണ് ഹൈക്കോടതിയിൽ സ്വകാര്യ അന്യായക്കാരന് ലഭിച്ചത്. ഏത് പ്രതിസന്ധികളെയും സർക്കാർ അതിജീവിക്കും. ഉരുൾപൊട്ടൽ ദുരന്തം ഒറ്റക്കെട്ടായാണ് നേരിട്ടത്. രക്ഷാപ്രവർത്തനവും താത്ക്കാലിക പുനരധിവാസവും മികച്ച രീതിയിൽ പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.