tragedy

കൽപ്പറ്റ: ഇനി ഞാൻ തളരില്ല. തളർന്നാൽ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് നോവും. എന്റെ ജെൻസണിന്റെ,​ മാതാപിതാക്കളുടെ,​ കുഞ്ഞുപെങ്ങളുടെ... സങ്കടക്കടൽ ഉള്ളിലൊതുക്കി ശ്രുതി പറഞ്ഞു. അതിജീവനത്തിന്റെ കരുത്തുറ്റ പ്രതീകമാണവൾ. ഇന്നലെ ആശുപത്രി വിട്ടപ്പോൾ ആ കണ്ണുകളിൽ വിഷാദമല്ല,​ തെളിഞ്ഞത് മനസ്സുറപ്പിന്റെ പ്രകാശം. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് അവൾ ആംബുലൻസിൽ വാടക വീട്ടിലേക്ക് പോയി. ബന്ധുവിനൊപ്പം കൽപ്പറ്റ മുണ്ടേരിയിലെ ഈ വീട്ടിലാവും തത്കാലം കഴിയുക. തുന്നിച്ചേർത്ത കാലുകൾ ഊന്നി നടക്കാൻ ഇനിയും നാളുകൾ വേണ്ടി വരും. പ്രിയതമനെ കവർന്ന വാഹനാപകടത്തിൽ ശ്രുതിയുടെ ഇരുകാലുകളും ഒടിഞ്ഞു തൂങ്ങിയിരുന്നു. ജെൻസൺ നടത്തിയിരുന്ന ഇന്റീരിയർ സ്ഥാപനത്തിന്റെ പേപ്പർ വർക്കുകൾ ചെയ്തുതീർക്കാനുണ്ട് ശ്രുതിക്ക്. വിശ്രമിക്കുമ്പോൾ ഓൺലൈനായി അതു ചെയ്യും. അതിനായി ലാപ്‌ടോപ്പ് ഇന്നു തന്നെ ലഭ്യമാക്കുമെന്ന് ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. ആശുപത്രി ബിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് തെലങ്കാന എം.പി ഡോ.മല്ലു രവി ഏറ്റെടുത്തു. വീട്,​ ജോലി എന്നിവയിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുണ്ടക്കൈ മഹാദുരന്തത്തിൽ പിതാവ് ശിവണ്ണൻ, മാതാവ് സബിത, സഹോദരി ശ്രേയ എന്നിവർ മരിച്ചിരുന്നു. പിന്നെ താങ്ങും തണലുമായത് ജെൻസണായിരുന്നു. ഇവരുടെ വിവാഹ ഒരുക്കത്തിനിടെയാണ് ജെൻസണെയും വിധി തട്ടിപ്പറിച്ചത്. ഈ മാസം 10ന് പ്രതിശ്രുത വരനും ബന്ധുക്കൾക്കുമൊപ്പം വാനിൽ പോകെ ബസിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചു. ശ്രുതിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ജെൻസണിന്റെ ചേതനയറ്റ ശരീരം ആശുപത്രിയിൽ കൊണ്ടുവന്നാണ് ശ്രുതിയെ കാണിച്ചത്. ശ്രുതിയുടെ ആഗ്രഹപ്രകാരം മാതാപിതാക്കളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം പുറത്തെടുത്ത് മതാചാരപ്രകാരം വീണ്ടും സംസ്കരിച്ചിരുന്നു. ആംബുലൻസിലിരുന്നാണ് ശ്രുതി ചടങ്ങുകൾ കണ്ടത്.


ഇനി ജെൻസണിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടി ജീവിക്കും. ജെൻസണിന്റെ ഓർമ്മ കരുത്തു തരും

- ശ്രുതി