
ജെ.എസ്. സിദ്ധാർത്ഥ് എന്ന മിടുക്കനായ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇനിയും നീതി ലഭിക്കാതെ കണ്ണീർ വാർക്കുകയാണ് കുടുംബം
----------------------------------------------------------------------------------------------------------
പൂക്കോട് വെറ്ററിനറി കോളേജ്. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ ക്യാമ്പസിലാണ് ജെ.എസ്. സിദ്ധാർത്ഥ് എന്ന മിടുക്കനായ വിദ്യാർത്ഥി സഹപാഠികളുടെ മൃഗീയമായ ആൾക്കൂട്ട വിചാരണയിൽ പിടഞ്ഞു മരിച്ചത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് പവിത്രം വീട്ടിൽ ടി. ജയപ്രകാശിന്റെയും എം.ആർ. ഷീബയുടെയും മൂത്ത മകൻ. ആ കുടുംബത്തിന്റെ കണ്ണുനീർ ഇപ്പോഴും ഈ കാമ്പസിനെ പൊള്ളിക്കുന്നുണ്ട്.
2023 ജനുവരി രണ്ടിനാണ് ഇവിടെ സിദ്ധാർത്ഥിന്റെ ക്ളാസ് ആരംഭിച്ചത്. ചുരുങ്ങിയ നാളിൽ ഏവരുടെയും പ്രിയപ്പെട്ടവനായി. രണ്ടാംവർഷം പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. ഒപ്പം കലാപരിപാടികളിലും. അതിനിടയ്ക്കാണ് കിരാതമായ ആൾക്കൂട്ട വിചാരണ.
വിവസ്ത്രനാക്കി അതിക്രൂര മർദ്ദനം
ചില വിദ്യാത്ഥികളും ഒരു അദ്ധ്യാപകനും സംഭവങ്ങൾ വീട്ടുകാരെ അറിയിച്ചതോടെയാണ് കൊടുംക്രൂരത പുറത്തുവന്നത്. അഞ്ചുദിവസമാണ് സിദ്ധാർത്ഥനെ പീഡിപ്പിച്ചത്. പെൺകുട്ടിക്കൊപ്പം ഡാൻസ് കളിച്ചെന്ന് ആരോപിച്ച് ഗ്രൗണ്ടിൽ വച്ച് ചോദ്യം ചെയ്ത് മർദ്ദിച്ചത് 2024 ഫെബ്രുവരി 14ന്. പിറ്രേന്ന് വീട്ടിലേക്കു പോയ സിദ്ധാർത്ഥിനെ വിളിച്ചുവരുത്തി. 16 മുതൽ 17വരെ ഹോസ്റ്റൽ, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമിറ്ററി, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വിവസ്ത്രനാക്കി മർദ്ദനം. പിറ്റേന്ന്, ഫെബ്രുവരി 18ന് ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നടപടികൾ തുടങ്ങുന്നു
രണ്ടു ദിവസത്തിനു ശേഷം സർവകലാശാല അധികൃതർ തുടർനടപടികൾ ആരംഭിച്ചു. ആന്റി റാഗിംഗ് സെൽ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. യു.ജി.സിയുടെ ദേശീയ ആന്റി റാഗിംഗ് സെല്ലിൽ വിദ്യാർത്ഥികൾ പരാതി നൽകി. 26ന് കുടുംബം ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കണ്ട് പരാതി നൽകി. നെടുമങ്ങാട്ടെ സിദ്ധാർത്ഥിന്റെ വീട്ടിലെത്തിയ ഗവർണർ, വി. സി ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തു. മാർച്ച് 9ന് അച്ഛനടക്കമുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പരാതി ബോധിപ്പിച്ചു. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. മാർച്ച് 16 ന് കേസ് സി.ബി.ഐക്ക്.
വി.സി. ശശീന്ദ്രനാഥിന് വീഴ്ചയുണ്ടായെന്നും വിസിക്കും ഡീൻ എം.കെ. നാരായണനും ഒഴിഞ്ഞ് മാറാനാവില്ലെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. സി.ബി.ഐ അന്വേഷണം നടക്കുമ്പോൾ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് റിപ്പോർട്ട് ഗവർണർക്ക് കൈമാറി. എസ്.എഫ്.ഐ ക്കാരുടെ നേതൃത്വത്തിലാണ് സിദ്ധാർത്ഥനെ മർദ്ദിച്ചതെന്നാണ് വയനാട് വൈത്തിരി പൊലീസിന്റെ എഫ്. ഐ. ആർ. പത്തൊമ്പത് പേരെ അറസ്റ്റ് ചെയ്തു. വി.സി, ഡീൻ, അസി.വാർഡൻ ആർ. കാന്തനാഥൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ കഴിഞ്ഞ ചൊവ്വാഴ്ച തിരിച്ചെടുത്തു.
ഗവർണറുടെ ഇടപെടൽ
ഗവർണറുടെ ഇടപെടലാണ് കേസിന്റെ ഗതിമാറ്റിയത്. അദ്ദേഹം നീതിക്കൊപ്പം നിന്നുവെന്ന് സിദ്ധാർത്ഥന്റെ കുടുബം വിശ്വസിക്കുന്നു. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായി. സെക്രട്ടേറിയറ്റിലെയും ആഭ്യന്തര വകുപ്പിലെയും ഉദ്യോഗസ്ഥർ വീഴ്ചവരുത്തി. അവരെ സസ്പെൻഡ് ചെയ്തെങ്കിലും വൈകാതെ പ്രൊമോഷനോടെ തിരിച്ചെടുത്തു. കേന്ദ്ര ഇടപെടലുകൾ വന്നപ്പോൾ സി.ബി.ഐ കേസന്വേഷണം ഊർജ്ജിതമാക്കി. മേയ് 25ന് സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസന്വേഷിച്ച സി.ബി.ഐ ഓഫീസർ ശക്തിവേൽ നാല് മാസം മുമ്പ് വിരമിച്ചു. പകരം ചുമതല ആർക്കെന്നോ അന്വേഷണ വിവരങ്ങളോ സി.ബി.ഐ കുടുംബത്തെ അറിയിച്ചിട്ടില്ല. തികഞ്ഞ അനിശ്ചിതത്വമാണ് ഇപ്പോൾ. മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർക്ക് വെറ്ററിനറി കൗൺസിൽ മാനദണ്ഡം ലംഘിച്ച് പരീക്ഷ എഴുതാൻ സർവകലാശാല അനുമതി നൽകി. അതിനെതിരെ ജൂൺ 15 ന് ജയപ്രകാശും ഷീബയും ഗവർണറെ കണ്ട് പരാതി സമർപ്പിച്ചിരുന്നു.
''പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് ജുഡീഷ്യൽ കമ്മീഷനും ആന്റി റാഗിംഗ് കമ്മിറ്റിയും റിപ്പോർട്ട് നൽകിയ ഡീനിനും അസി.വാർഡനും സസ്‌പെൻഷൻ പിൻവലിച്ച് പുതിയ കോളേജിൽ നിയമനം നൽകിയിരിക്കുകയാണ് സർക്കാർ. ഈ നെറികേട് എങ്ങനെ പൊറുക്കും ? സമൂഹം ചർച്ച ചെയ്യണം. നീതിപീഠവും കനിഞ്ഞില്ലെങ്കിൽ മൂന്നു പേരുടെ ജീവനു കൂടി മറുപടി പറയേണ്ടി വരും".
- ഷീബ.
ബോക്സ്
വഴിക്കണ്ണുമായി അമ്മ,
ചേട്ടനില്ലാതെ പവൻ
നെടുമങ്ങാട് : ഓണക്കാലമായാൽ പവന് ആഹ്ലാദമായിരുന്നു. പത്ത് ദിവസം ചേട്ടൻ സിദ്ധാർത്ഥ് വീട്ടിലുണ്ടാവും. വൈകുന്നേരങ്ങളിൽ നിശാഗന്ധിയിലെ കലാപരിപാടികൾ കാണാൻ ഒപ്പം കൂട്ടും. സ്‌കൂട്ടറിൽ ചുറ്റിയടിക്കും. ഇഷ്ടഭക്ഷണം വാങ്ങിത്തരും. വേറെ കൂട്ടില്ല. ഇത്തവണ കൂട്ട് ചേട്ടന്റെ ഓർമ്മകൾ മാത്രം. കണ്ണീരൊഴിയാത്ത അമ്മ ഷീബയ്ക്ക് ഇപ്പോൾ സാന്ത്വനം പവനാണ്. അച്ഛൻ ജയപ്രകാശ് ഗൾഫിലേക്ക് മടങ്ങി. മൂത്ത മകനെ മരണത്തിലേക്ക് തള്ളിയിട്ടത് സഹപാഠികളെന്ന് ഷീബ ആവർത്തിക്കുന്നു. മക്കളുടെ കൂട്ടുകാർ എന്നു കേൾക്കുമ്പോൾ പേടിയാണ്. പ്ലസ്‌ടു രണ്ടാം വർഷ വിദ്യാർത്ഥിയായ ഇളയ മകൻ പവൻ സ്‌കൂളിൽ പോയാൽ മടങ്ങിയെത്തും വരെ വഴിക്കണ്ണുമായി കാത്തിരിക്കും. സിദ്ധാർത്ഥിന്റെ കുറക്കോട് പവിത്രം വീട്ടിൽ കണ്ണീരും ഭീതിയും ഇനിയും ഒഴിഞ്ഞിട്ടില്ല. ഓണം കഴിഞ്ഞാൽ നവരാത്രി ആഘോഷമാണ് സിദ്ധാർത്ഥിനു പ്രധാനം. നെയ്യാറ്റിൻകരയിലെ ബന്ധുവീട്ടിൽ തങ്ങി കൃഷ്ണൻ കോവിലിൽ ദർശനം നടത്തും. പിന്നെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം. കഴിഞ്ഞ നവരാത്രിക്ക് വെറ്ററിനറി കോളേജിലെ സഹപാഠികളും വന്നിരുന്നു. വീട്ടിൽ മക്കളെ പോലെ പരിചരിച്ച്, ഷീബ വിളമ്പിയ ആഹാരം കഴിച്ചു മടങ്ങിയ അവരിൽ ചിലരാണ് സിദ്ധാർത്ഥന്റെ ജീവനെടുക്കാൻ കൂട്ടുനിന്നത്. അവരുടെ മാതാപിതാക്കളുമായും കോളേജിലെ അദ്ധ്യാപകരുമായും ഷീബയും ജയപ്രകാശും സൗഹൃദത്തിലായിരുന്നു. മകന്റെ മരണത്തിന് ശേഷം പലരും ഒന്നു ഫോൺ വിളിച്ചതു പോലും ഇല്ല. കൂട്ടുകാരാരും സംസ്കാരത്തിന് എത്തിയില്ല. നിയമസഹായം വാഗ്ദാനം ചെയ്ത പലരും വന്നില്ല. കടബാദ്ധ്യത പെരുകിയാണ് ജയപ്രകാശ് വീണ്ടും ദുബായിലേക്ക് പോയത്. വീടുവയ്ക്കാൻ എടുത്ത നാല്പത് ലക്ഷത്തിന്റെ തവണ മുടങ്ങിയിട്ട് ആറു മാസമായി. ബാങ്ക് ഒഫ് ഇന്ത്യയിലും കെ.എസ്.എഫ്.ഇയിലുമായി വൻ തുക പിഴപ്പലിശയുണ്ട്. പവന്റെ പഠനത്തിനും കുടുംബ ചെലവിനും മകന് നീതി ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തിനും പണം കണ്ടെത്തണം. ബിഎഡ് ബിരുദദാരിയായ ഷീബ രണ്ടു വർഷം പ്ളേ സ്കൂളും ഡേ കെയറും നടത്തിയിരുന്നു. തകർന്ന മനസുമായി സ്‌കൂൾ തുറക്കാനാവുന്നില്ല. മകനു നീതി ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യം.