kallu
വന്യമൃഗങ്ങളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനായി കല്ല് കെട്ടി തൂക്കിയിരിക്കുന്നു

സുൽത്താൻ ബത്തേരി: കൃഷിയിടത്തിലെത്തുന്ന വന്യമൃഗങ്ങള തുരത്താൻ പതിനെട്ടടവും പയറ്റിയ കർഷകർ ഒടുവിൽ പരമ്പരാഗത പ്രതിരോധ മാർഗത്തിലേയ്ക്ക് . ഫെൻസിംഗുകൾ, എൽ. ഇ.ഡി. റിഫ്ളക്ടറുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കൃഷി സംരക്ഷിക്കാൻ പരമ്പരാഗത രീതിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് നിരവധി പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയത്. എന്നാൽ ഇവയെല്ലാം മറി കടന്നാണ് ആന, പന്നി , മാൻ എന്നിവ കൃഷിയിടത്തിൽ എത്തുന്നത്. വടക്കനാട് മേഖലയിലെ കർഷകരാണ് പരമ്പരാഗത രീതിയിലേയ്ക്ക് തിരിച്ച് കൃഷിയെ സംരക്ഷിക്കുന്നത്. പണ്ട് കാലങ്ങളിൽ കൃഷിയിടത്തിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ അറിയാനും തുരത്താനും ഉപയോഗിച്ചിരുന്ന കല്ലുപടക്കം ഉപയോഗിച്ചും വളളിയിൽ തകരപാട്ട കൊട്ടിയും, കുപ്പികൾ വള്ളികളിൽ പരസ്പരം അടുത്തടുത്തായി കോർത്തിട്ട് ശബ്ദം കേൾപ്പിച്ചുമാണ് പളളിവയൽ അമ്പതേക്കർ മേഖലയില കർഷകർ വന്യമൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്നത്.

വലിയൊരു കല്ലിനുമുകളിൽ രണ്ടു കമ്പുകളിൽ കയറിൽ കല്ലുതൂക്കിയിട്ട് അതിനടിയിൽ പടക്കംവക്കും. ഫെൻസിംഗ് മറികടക്കാൻ ശ്രമിക്കുന്ന മൃഗം തട്ടി കല്ലുതൂക്കിയിട്ട കമ്പുകൾ നീങ്ങുന്നതോടെ താഴയുളള കല്ലിനുമുകളിൽ വച്ച പടക്കത്തിനുമുകളിലേക്ക് കല്ലുവീണ് പൊട്ടും. ശബ്ദം കേട്ട് കാവൽമാടങ്ങളിലുള്ള കർഷകർ വന്യമൃഗം കൃഷിയിടത്തിലെത്തിയത് അറിയുകയും ഇവയെ തുരത്താൻ കർഷകർക്ക് സാധിക്കുകയും ചെയ്യുന്ന രീതിയാണ് ഉപയോഗിക്കുന്നത്.